മസ്കത്ത്: രാജ്യത്തെ ചെറിയ പെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവര്‍ മാത്രമേ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂ.
12 വയസ്സിന് താഴെയുള്ളവരും വാക്സിനെടുക്കാത്തവരും പെരുന്നാള്‍ പ്രാര്‍ഥനകളില്‍ പങ്കാളികളാകരുതെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഹസ്തദാനവും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണം.
സാമൂഹിക അകലം പാലിക്കണമെന്നും തുമ്മുമ്ബോഴും ചുമക്കുമ്ബോഴും ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു. ഈദ് ആഘോഷങ്ങളുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ എല്ലാ സാമൂഹിക പരിപാടികളും സംഘടിപ്പിക്കുന്നതിന് നിരോധനം നിലനില്‍ക്കുന്നുണ്ടെന്നും കമ്മിറ്റി അറിയിച്ചു. പള്ളികളിലും ഹാളുകളിലും മറ്റു പൊതു ഇടങ്ങളിലും വിവാഹ, സംസ്കാര ചടങ്ങുകള്‍ക്കും മറ്റും നിരോധനം നിലനില്‍ക്കുന്നുണ്ടെന്നും കമ്മിറ്റി ഉണര്‍ത്തി. നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ ഉപേക്ഷിക്കരുതെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.