ഒമിക്രോണില്‍ നിലതെറ്റി ചൈന ; അഞ്ചു മരണം കൂടി

ബെയ്ജിങ്: ഒമിക്രോണ്‍ വകഭേദം പടരുന്ന ബെയ്ജിങ്ങില്‍ അഞ്ചു മരണങ്ങള്‍കൂടി. തിങ്കളാഴ്ച രണ്ടുപേര്‍ മരിച്ചിരുന്നു.

സീറോ-കോവിഡ് നയത്തിനെതിരായ വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഈ മാസം ആദ്യം സര്‍ക്കാര്‍ പിന്‍വലിച്ച ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക മരണമാണിത്. ഇതോടെ ചൈനയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5,242 ആയി. ഡിസംബര്‍ മൂന്നിന് ശേഷം രാജ്യത്ത് ദേശീയ ആരോഗ്യ കമീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളാണിത്. 2,722 പുതിയ കോവിഡ് കേസുകളാണ് തിങ്കളാഴ്ച ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌.

ചൈനീസ് നഗരങ്ങളില്‍ നിലവില്‍ ബി.എ.5.2, ബി.എഫ്.7 ഒമിക്രോണ്‍ വകഭേദങ്ങളാണ് പടരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ബെയ്ജിങ്ങില്‍ ബി.എഫ്.7 വകഭേദമാണ് പിടിമുറുക്കുന്നത്. ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേരെയും വൈറസ് ബാധിച്ചതായാണ് കണക്ക്. രണ്ടാഴ്ചയോളം പൊതു പരിശോധന നിര്‍ത്തിയതിനാല്‍ ചൈനക്ക് കേസുകളുടെ എണ്ണത്തില്‍ കൃത്യതയില്ല. ഇപ്പോള്‍ ജനങ്ങള്‍ സ്വയം പരിശോധിക്കുന്ന ആന്റിജന്‍ കിറ്റുകള്‍ വാങ്ങുകയാണ്. അവ കരിഞ്ചന്തയില്‍ അമിത വിലക്കാണ് വില്‍ക്കുന്നത്. ആശുപത്രികളില്‍ രോഗികളുടെ നീണ്ടനിരയും മരുന്നുകളുടെ ക്ഷാമവും അലട്ടുന്നുണ്ട്. ചൈനീസ് ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന വയോധികര്‍ വാക്സിന്‍ എടുക്കാത്തതും ആശങ്ക കൂട്ടുന്നു.

ശ്വാസതടസ്സം മൂലം മരിക്കുന്ന കോവിഡ് രോഗികളെ മാത്രമേ ഔദ്യോഗിക മരണസംഖ്യയില്‍ ഉള്‍പ്പെടുത്തൂവെന്ന് ചൊവ്വാഴ്ച ചൈനയുടെ ദേശീയ ആരോഗ്യ കമീഷന്‍ വ്യക്തമാക്കി. കൂടുതല്‍ പേര്‍ രോഗബാധിതരായി മരിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിശദീകരണം. രോഗബാധിതരായ ശേഷം ഹൃദയാഘാതമുണ്ടായി മരിച്ചവരെ ഒഴിവാക്കുന്നു. ന്യൂമോണിയ മൂലമുണ്ടാകുന്നവയും കോവിഡ് കാരണമുണ്ടാകുന്ന ശ്വസന തകരാറുകളും കോവിഡ് മരണങ്ങളില്‍ ഉള്‍പ്പെടുത്തും.

അതേസമയം ഹൃദയ, മസ്തിഷ്‍ക രോഗങ്ങള്‍ മൂലമുണ്ടാകുന്നവ കോവിഡ് മരണങ്ങളായി കണക്കാക്കില്ല. കേസുകള്‍ കുതിച്ചുയരാന്‍ കാരണമായ ഒമിക്രോണ്‍ വകഭേദം മാരകമായി മാറുകയാണെന്നും ചൈന വാക്സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കുകയാണെന്നും പീക്കിങ് യൂനിവേഴ്സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പകര്‍ച്ചവ്യാധി വിഭാഗം ഡയറക്ടര്‍ വാങ് ഗുയിക്യാങ് പറഞ്ഞു

spot_img

Related Articles

Latest news