മലബാറിലെ ഓണാഘോഷത്തിന് ആരവമുയർത്താൻ ഫറോക്ക് ചാലിയാറിൽ സംഘടിപ്പിക്കുന്ന ജലോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചാലിയാറിന്റെ കരയിൽ കാണികൾക്ക് മത്സരം വീക്ഷിക്കുന്നതിനായി സൗകര്യം ഒരുക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനായുള്ള സംവിധാനങ്ങളുടെ പ്രവൃത്തിയും പുരോഗമിക്കുന്നു.
വാശിയേറിയ മത്സരത്തിനായി വള്ളംകളി ടീമുകളും ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സംഘങ്ങൾ പരിശീലനം നടത്തി വരുന്നു. മത്സരത്തിനായുള്ള വള്ളങ്ങൾ കാസർഗോഡ് ചെറുവത്തൂരുനിന്നും നാളെ പുറപ്പെടും.
സെപ്തംബർ 10 ന് നടക്കുന്ന വള്ളംകളിയിൽ 30 പേർ തുഴയുന്ന പത്തോളം ചുരുളൻ വള്ളങ്ങളാണ് മത്സരിക്കുക. മൂന്നു തലങ്ങളിലായാണ് മത്സരം. ഫറോക്ക് പുതിയപാലത്തു നിന്നു തുടങ്ങുന്ന മത്സരം പഴയ പാലത്തിൽ അവസാനിക്കും. ജലോത്സവത്തിന്റെ ഭാഗമായി പ്രാദേശികതലത്തിൽ കയാക്കിങ്ങും, ഫ്ലൈ ബോർഡിങ്ങും സംഘടിപ്പിക്കുന്നുണ്ട്.
വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.