ഓണത്തോടനുബന്ധിച്ച് തയ്യാറാക്കുന്ന ഭക്ഷ്യ കിറ്റില്‍ പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി, നെയ്യ് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉണ്ടാവും. കൂടാതെ അവശ്യ സാധനങ്ങളായ പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്/മുളക്‌പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ശര്‍ക്കരവരട്ടി/ ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും ഉണ്ട്. പരിസ്ഥിതി സൗഹൃദമായി തുണി സഞ്ചിയിലാണ് സ്‌പെഷ്യല്‍ കിറ്റ് വിതരണത്തിനെത്തുക.
കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായി മാറിയ സൗജന്യകിറ്റിന്റെ വിതരണം ആഗസ്റ്റ് 18 ഓടെ പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ കിറ്റ് ഒരുക്കുന്നതിന് അടഞ്ഞു കിടക്കുന്ന പൊതുവിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്താനും ഭക്ഷ്യ വകുപ്പ് ആലോചിക്കുന്നു. സ്‌പെഷ്യല്‍ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്ന അവശ്യ സാധനങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മന്ത്രി സപ്ലൈകോ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികളുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ച് കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഭക്ഷ്യ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു.