തീര്‍പ്പായത്‌ രണ്ടേ മുക്കാൽ ലക്ഷം പരാതികൾ

തിരുവനന്തപുരം : വര്‍ഷങ്ങളായി പരിഹരിക്കാനാകാതെ ഫയലുകളില്‍ കുരുങ്ങിക്കിടന്ന 2,73,662 പരാതികള്‍ക്കാണ് ഒറ്റ ക്ലിക്കില്‍ തീര്‍പ്പുണ്ടായത്. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസും സംസ്ഥാനത്തെ 12,000 സര്‍ക്കാര്‍ ഓഫീസും ഒറ്റ ക്ലിക്കില്‍ വിരല്‍ത്തുമ്പിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ ഇതുവരെ തീര്‍പ്പാക്കിയത് പരാതികളാണിവ.

കഴിഞ്ഞ ബുധനാഴ്ച വരെ 3,39,917 ലഭിച്ചതില്‍ 2,73,662 പരാതികൾ തീര്‍പ്പാക്കി. 47,532 പരാതി വിവിധ ഘട്ടങ്ങളിലാണ്. ക്യാമ്പയ്ന്‍, ഭീമഹര്‍ജി പോലുള്ള ചില പരാതികള്‍ മാത്രമാണ് സ്വീകരിക്കാത്തത്. അതിന്റെ കാരണവും പരാതി നല്‍കിയവരെ അറിയിക്കും. കോടതി വ്യവഹാരംപോലെ നിയമപരമായ ചില പ്രശ്നങ്ങള്‍ ഉള്ള പരാതികളും തീര്‍പ്പാക്കുന്നതില്‍ സ്വാഭാവികമായ കാലതാമസം നേരിടും. ബാക്കി എല്ലാ പരാതികളും ശരാശരി 21 ദിവസംകൊണ്ടാണ് തീര്‍പ്പാക്കുന്നത്.

അധികാരമേറ്റയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശപ്രകാരം പരാതികള്‍ പരിഹരിക്കാനായി ഏകീകൃതവും സുതാര്യവുമായ ഹൈടെക് സംവിധാനം ‘സിഎംഒ പോര്‍ടല്‍’ കൊണ്ടുവന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്‍, കാള്‍ സെന്റര്‍, സുതാര്യ കേരളം എന്നിവയെ ഒറ്റ കുടക്കീഴിലാക്കി. പ്രത്യേക സോഫ്റ്റ്വെയര്‍വഴി സിഎംഒ പോര്‍ടലിനെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളെയും ബന്ധിപ്പിച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും ഓഫീസുകള്‍ ഇതിന്റെ ഭാഗമായി. സെക്രട്ടറിയറ്റിലെ 500 സെക്ഷനും ഈ പോര്‍ട്ടലില്‍ കണ്ണിയായി. വിവിധ ഓഫീസുകളിലെ ഇ ഓഫീസ് സംവിധാനം, പൊലീസിന്റെ അയാപ്സ് എന്നിവയും ബന്ധിപ്പിച്ചു. പ്രധാനമന്ത്രി, രാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന കേരളവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ കേന്ദ്ര പോര്‍ടലായ സി പി (സെന്‍ട്രലൈസ്ഡ് പെറ്റീഷന്‍) യുമായും സിഎംഒ പോര്‍ട്ടലിനെ ബന്ധിപ്പിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്രയും വിപുലമായ പരാതി പരിഹാര സംവിധാനം.

പരാതികള്‍ എവിടെനിന്നും; സ്ഥിതി അറിയാന്‍ എസ്‌എംഎസ്
ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഒറ്റക്ലിക്കില്‍ cmo.kerala.gov.in എന്ന പോര്‍ട്ടലില്‍ പരാതി നല്‍കാം. പരാതി ഞൊടിയിടയില്‍ അതത് ഓഫീസുകള്‍ക്ക് ലഭിക്കും. ഇവയുടെ പുരോഗതിയും പരാതിക്കാരന് എസ്‌എംഎസായി മൊബൈല്‍ഫോണില്‍ ലഭിക്കും. പരാതി നല്‍കുന്നതോടെ ടോക്കണ്‍ നമ്പര്‍ ലഭിക്കും.

ഈ നമ്പരും മൊബൈല്‍ ഫോണ്‍ നമ്പരും ഉപയോഗിച്ച്‌ പരാതിയുടെ ‘സ്റ്റാറ്റസ്’ പോര്‍ടലില്‍ അറിയാം. 18004257211 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചാലും വിവരമറിയാം. നേരിട്ട് പരാതി നല്‍കാനാകാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതി നല്‍കാം.

spot_img

Related Articles

Latest news