കൂടരഞ്ഞി: കൂമ്പാറ -കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ ഇരുചക്ര വാഹനം 50 അടി താഴ്ചയിലെ കൊക്കയിലേക്ക് വീണു അപകടം. ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കക്കാടംപൊയിൽ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വന്ന ബുള്ളറ്റാണ് ഇന്ന് രാത്രി അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടത് അരീക്കോട് കാവനൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരുമാസം മുമ്പാണ് ഇതേ സ്ഥലത്ത് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചത്. ഇവിടങ്ങളിൽ അപകടങ്ങൾ പതിവാണന്നാണ് നാട്ടുകാർ പറയുന്നത്.