Date : 30 – 01 – 2021
രാജ്യം കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്ഷം പിന്നിടുന്നു. കഴിഞ്ഞ വര്ഷം ജനുവരി 30ന് തൃശൂരിലാണ് ആദ്യ കോവിഡ് കേസ് റിപ്പോര്ട്ട് ചെയ്തത്. വൈറസിനെ പ്രതിരോധിക്കാന് വാക്സിന് കൂടുതല് പേരിലേക്ക് എത്തുന്നുന്നുവെന്നതാണ് ഒരു വര്ഷം പിന്നിടുമ്പോഴുള്ള ആശ്വാസം.
ഒരു വര്ഷമായി വൈറസിന്റെ നിയന്ത്രണത്തിലാണ് നാം. കൈ കഴുകിയും മാസ്കിട്ടും അകലം പാലിച്ചുമെല്ലാം കോവിഡിനെ അകറ്റാനുള്ള ശ്രമങ്ങള്. എങ്കിലും ഇന്ന് ജീവനും ജീവിതവുമെല്ലാം കോവിഡിന് ചുറ്റുമാണ്. ആദ്യ ഘട്ടത്തില് സംസ്ഥാനത്ത് രോഗം വന്നത് മൂന്ന് പേര്ക്ക്. രണ്ടാം ഘട്ടത്തില് വിദേശത്ത് നിന്ന് എത്തിയവരിലായിരുന്നു രോഗബാധ കൂടുതല്. പക്ഷേ പിന്നാലെ സമൂഹവ്യാപനത്തിലേക്കെത്തി.
രാജ്യം മുഴുവന് അടച്ചിടുന്ന അനുഭവവും ഇതാദ്യം. എല്ലാ മേഖലയും നിശ്ചലമായി. കൊച്ചുകുട്ടികളുടെ ക്ലാസുകള് വരെ ഓണ്ലൈനിലേക്ക് മാറി. ആഘോഷങ്ങള് വീട്ടിലേക്ക് ഒതുങ്ങി. കല്യാണങ്ങളില് പങ്കെടുക്കുന്നത് വിരലിലെണ്ണാവുന്നവര് മാത്രം. അങ്ങനെ സമസ്ത മേഖലകളെയും കോവിഡ് ബാധിച്ചു. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം മാര്ച്ച് 28നാണ്.
അതിന് ശേഷം നിരവധി പേരുടെ ജീവന് കോവിഡ് മൂലം നഷ്ടമായി. മറ്റ് സംസ്ഥാനങ്ങളില് കേസുകള് കുറയുമ്പോഴും കേരളത്തില് രോഗികള് വര്ധിക്കുന്നതാണ് ഇപ്പോഴത്തെ ആശങ്ക. ഒരു വര്ഷം പിന്നിടുമ്പോള് വാക്സിന് ആരോഗ്യപ്രവര്ത്തരിലേക്കെത്തി എന്നതാണ് പ്രതീക്ഷ നല്കുന്ന ഘടകം. വാക്സിനെത്തിയെങ്കിലും സ്വയം നിയന്ത്രണം നാം തുടരണം.. അലസത അപകടം വരുത്തുമെന്നതിനാല് ജാഗ്രത കൈമോശം വരരുത്.