ഡല്‍ഹി വംശീയാക്രമണത്തിനിടെ ആക്രമികള്‍ തകര്‍ത്ത പള്ളികള്‍ പുനര്‍നിര്‍മിക്കാനൊരുങ്ങിയ ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് അതിനായി നടത്തിയ സര്‍വേയില്‍ 19 പള്ളികള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടെന്നും ഒരു പള്ളിക്കുള്ളില്‍ വിഗ്രഹം പ്രതിഷ്ഠിച്ചെന്നും കണ്ടെത്തിയിരുന്നു.
ആക്രമികള്‍ മുന്നു ദിവസം താണ്ഡവമാടി നാശനഷ്ടം വിതച്ച ശിവ് വിഹാറില്‍ ബോംബുകളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിച്ച് മദീനാ മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. അതിനായി പള്ളി സെക്രട്ടറി ഹാഷിം അലിക്ക് ഒരു വര്‍ഷത്തോളം നീണ്ട നിയമയുദ്ധം നടത്തേണ്ടി വന്നു.
ആക്രമികളില്‍ ഭൂരിഭാഗവും അതേ ഗലിയിലുള്ളവരാണെന്നും തിരിച്ചറിയാന്‍ കഴിയുമെന്നും ഹാഷിം അലി കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു. ലാത്തിയും ഇരുമ്പുദണ്ഡുകളും ആസിഡും പെട്രോളുമായി പള്ളിക്കകത്തേക്ക് ഇരച്ചു കയറിയവര്‍ രണ്ട് സിലിണ്ടറുകള്‍ പള്ളിക്കകത്തേക്ക് എറിഞ്ഞ് തീകൊളുത്തി സ്ഫോടനം സൃഷ്ടിച്ചു. പള്ളിക്ക് തൊട്ടപ്പുറത്തെ വീട്ടിലെ ജനലിലൂടെ ഇതു കണ്ട വകീല്‍ അരുതെന്ന് വിളിച്ചുപറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് ആസിഡെറിഞ്ഞു.
വകീലിന്റെ മുഖമാസകലം സ്ഫോടനത്തില്‍ പൊള്ളി. പിറ്റേന്ന് മദീനാ മസ്ജിദിന് മുകളില്‍ കയറിയ ആക്രമികളിലൊരാള്‍ ജയ്ശ്രീറാം വിളിച്ച് വിജയാരവം മുഴക്കുകയും ചെയ്തു.കത്തിച്ചാമ്പലായ ഹാഷിം അലിയുടെ കെട്ടിടം ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് പുനര്നിര്മിച്ചുകൊടുത്തപ്പോള് നാല് മെഷീനുകളും അസംസ്കൃത വസ്തുക്കളുമായി വസ്ത്രനിര്‍മാണ യൂനിറ്റിന് തുടക്കമിട്ടിരിക്കുകയാണ് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്.
നീതിക്കായുള്ള പോരാട്ടം തടയാന്‍ കലാപക്കേസില്‍ കുടുക്കി രണ്ടു മാസം ജയിലിലടച്ചെങ്കിലും ജാമ്യം നേടി വന്ന ഹാഷിം അലി വര്‍ധിത വീര്യത്തില്‍ നിയമയുദ്ധം തുടര്‍ന്നു.സുപ്രീംകോടതി അഭിഭാഷകന് ഷംഷാദ് അലിയുടെ നിയമസഹായത്തോടെ ഇദ്ദേഹം നടത്തിയ പോരാട്ടത്തിനൊടുവില്‍ മദീനാ മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ് കകര്ഡൂമ കോടതി.
സ്വന്തം വീടും വസ്ത്ര നിര്‍മാണ കമ്പനിയും കൊള്ളയടിച്ച് തീവെച്ച പ്രതികളുടെ പേര് സഹിതം മറ്റൊരു കേസും ഹാഷിം അലി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും നരേഷ് ചന്ദ് എന്നയാളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പേരില്ലാത്ത എഫ്.ഐ.ആറില്‍ കൂട്ടിക്കെട്ടി ഹാഷിം അലിയെതന്നെ അറസ്റ്റ് ചെയ്തത് വംശീയാക്രമണ അന്വേഷണം ഒരു പ്രത്യേക മതസമുദായത്തിനെതിരായി തിരിച്ചുവിടുന്നതിന്റെ ഉദാഹരണമാണെന്ന് അഡ്വ. എം.ആര്. ഷംഷാദ് കോടതിയെ ബോധ്യപ്പെടുത്തി.
ഡല്‍ഹി പൊലീസ് നിരവധി കേസുകളില്‍ സമാനമായ തന്ത്രം പ്രയോഗിച്ചതായും ഡല്‍ഹി ന്യൂനപക്ഷ കമീഷന് നിയോഗിച്ച വസ്തുതാന്വേഷണ സമിതി ചെയര്‍മാനായിരുന്ന അഡ്വ. ഷംഷാദ് ചൂണ്ടിക്കാട്ടി.