വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി
മറയൂര്‍: തമിഴ്നാട്ടില്‍ മാര്‍ക്കറ്റുകളിലേക്ക് ചെറിയ ഉള്ളിയുടെ വരവ് കൂടിയതോടെ വില കുത്തനെ കുറഞ്ഞു. മൂന്നു മാസത്തിന് ശേഷം ഇപ്പോള്‍ 30 രൂപയ്ക്കാണ് വില്‍പ്പന. കഴിഞ്ഞ നവംബറില്‍ ഒരു കിലോ ചെറിയ ഉള്ളി 110 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഇടയ്ക്ക് കുറഞ്ഞങ്കിലും വീണ്ടും വില ഉയര്‍ന്നിരുന്നു. ജനുവരിയില്‍ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഴയെത്തിയത് ഉത്പാദനത്തെ ബാധിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ഉയര്‍ന്ന വില കുറയാതെ നിലനിന്നത്. എന്നാല്‍ ഇപ്പോള്‍ ഉദുമല്‍പേട്ട, മൈസൂര്‍, ധാരാപുരം, റാസിപുരം മേഖലകളില്‍ നിന്ന് ദിവസം 5000 ചാക്കുകള്‍ വരെ ഉള്ളി എത്തുന്നുണ്ട്. ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 30-60 (നിലവാരം അനുസരിച്ച്) രൂപ വരെയാണ് വില്‍പ്പന നടത്തി വരുന്നത്. വരും ആഴ്ചകളിലും 20 മുതല്‍ 30 രൂപ വരെ ഉള്ളിക്ക് വില കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം തൊടുപുഴയിലെ മാര്‍ക്കറ്റില്‍ നിലവില്‍ 80-100 രൂപ വരെയാണ് ചെറിയ ഉള്ളിവില. സവാളയ്ക്ക് 40-50 രൂപ വരെയും.