ഒരുമയോടെ വിദ്യാലയം കൈകോർത്തു
മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ വിഭാവനം ചെയ്ത ഗിഫ്റ്റ് ചലഞ്ച് -2k21 പദ്ധതി പ്രകാരം പഠന സൗകര്യമൊരുക്കി നൽകി. ഈ പദ്ധതിയിലൂടെ അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കാവശ്യമായ സ്മാർട്ട് ഫോണുകൾ സംഘടിപ്പിച്ച് നൽകുകയുമായിരുന്നു..
ഗിഫ്റ്റ് ചലഞ്ചിലേക്ക് വലിയൊരു ശതമാനം തുകയും കൈമാറിയത് ഈ വിദ്യാലയത്തിലെ കൊച്ചു കൂട്ടുകാർ തന്നെയാണ്. തങ്ങളുടെ സഹപാഠികളെയും അവരോടൊപ്പം ഒത്ത് ചേർക്കാൻ വിദ്യാർത്ഥികൾ ബാലനിധിയിലെ തുക കൈമാറിയും പണക്കുടുക്ക പൊട്ടിച്ച് പണം കൈമാറിയും തങ്ങൾക്ക് ലഭിച്ച വിവിധ സ്കോളർഷിപ്പ് തുകകൾ വരെ ഇതിനായി നീക്കിവെച്ചും ചലഞ്ച് വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
കൂടാതെ മാനേജ്മെൻ്റ്, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരും പദ്ധതി പൂർത്തീകരണത്തിനായി വലിയ പിന്തുണയേകി. ഗിഫ്റ്റ് ബോക്സ് ചലഞ്ചിലൂടെ സ്കൂളിലെ മുപ്പത്തഞ്ചോളം കുട്ടികൾക്കാണ് ഓൺലൈൻ പഠന സൗകര്യമൊരുക്കി നൽകിയത്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാഘവൻ അടുക്കത്ത് വിദ്യാലയത്തെ സമ്പൂർണ ഓൺലൈൻ പഠന സൗകര്യമുള്ള വിദ്യാലയമായി പ്രഖ്യാപിച്ചു.
പി.ടി.എ പ്രസിഡൻ്റ് കെ.പി ശശികുമാർ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.കെ ജെസ്സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.വിപിൻ നന്ദിയും പറഞ്ഞു.