മംഗളൂരുവില്‍ 17കാരൻ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. ഓൺലൈൻ ഗെയിമിന്‍റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളൂരുവിലെ ഉള്ളാലിൽ കെ.സി. റോഡിലാണ് സംഭവം നടന്നത്. ഉള്ളാൽ സ്വദേശിയായ ആഖീഫാണ് (12) മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടിൽനിന്നും കാണാതായ 12 വയസ്സുകാരന്‍റെ മൃതദേഹം ഞായറാഴ്ച പുലർച്ചെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈൻ ഗെയിമിനിടയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കണ്ടെത്തിയത്.
12വയസ്സുകാരനെ കാണാനില്ലെന്നുകാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഞായറാഴ്ച രാവിലെയോടെയാണ് ഇലകള്‍ക്കൊണ്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 17കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചുവെന്നും പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.