അഹമ്മദാബാദ്: നിറഞ്ഞുകവിഞ്ഞ ആശുപത്രികളുടെ അടഞ്ഞ ഗേറ്റിനു മുന്നിൽ എന്തുചെയ്യണമെന്ന് എത്തും പിടിയുമില്ലാതെ നിൽക്കുന്ന ജനങ്ങൾക്കുമുന്നിൽ സാന്ത്വനത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിടുകയാണ് ഗുജറാത്തിലെ മസ്ജിദുകൾ. വഡോദരയിലെ തന്ദൽജ മേഖലയിലെ ദാറുൽ ഉലൂം മസ്ജിദാണ് കോവിഡ് രോഗികൾക്ക് 142 കിടക്കകളുള്ള ‘ആശുപത്രി’യായി മാറിയത്.
മതവെറിയുടെ പേരിൽ മസ്ജിദുകൾ ഏറെ തകർക്കപ്പെട്ടതിന്റെ പേരു ദോഷം പേറുന്ന ഗുജറാത്തിൽ ആശുപത്രിയായി മാറിയ ഈ ആരാധനാലയത്തിൽ ജാതിയും മതവുമില്ലാതെയാണ് രോഗികൾക്ക് പ്രവേശനം നൽകുന്നതെന്ന് ദാറുൽ ഉലൂം മാനേജിങ് ട്രസ്റ്റി ആരിഫ് ഹകീം ഫലാഹി പറയുന്നു. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും താൽക്കാലിക ആശുപത്രികളാക്കാൻ അനുമതി നിഷേധിച്ചപ്പോൾ ദാറുൽ ഉലൂം മസ്ജിദ് 192 കിടക്കകളുമായി രോഗികളെ എതിരേറ്റിരുന്നു.