ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലിലേക്ക് പോയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യുപി പൊലീസ് തടഞ്ഞതോടെ ഇരുവരും ഒപ്പമുണ്ടായിരുന്ന സംഘവും മടങ്ങി.സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സര്‍വേ നടന്ന ചന്ദൗസി സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം. ഡല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപുരിലാണ് രാഹുലിനെയും പ്രിയങ്കയെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞത്. ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ രാഹുല്‍ഗാന്ധിയും നേതാക്കളും ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.
” സംഭലിലേക്ക് പോവുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്റെ അവകാശമാണ്. അങ്ങോട്ട് പോകണമെന്നാണ് ആഗ്രഹം. എന്നാല്‍ പൊലീസ് യാത്ര തടയുകയാണ്. പൊലീസിന് ഒപ്പം പോകാന്‍ സമ്മതം അറിയിച്ചെങ്കിലും അതിനുള്ള അവസരവും നിഷേധിച്ചു” – ഗാസിപുരില്‍ ഭരണഘടനയുടെ മാതൃക ഉയര്‍ത്തി രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.