പതിനെട്ടടവുമായി പി സി ജോര്‍ജ്ജ്

പി സി ജോര്‍ജ്ജ് ചതിക്കും ചതിച്ചില്ലങ്കിലേ അതിശയമുള്ളൂ . അങ്ങാടിയില്‍ തോറ്റതിന് അമ്മച്ചിയുടെ നെഞ്ചത്ത് എന്ന് പറയുന്നതുപോലെയാണ് ഇപ്പോള്‍ പി സി ജോര്‍ജ്ജ് പറഞ്ഞുകൊണ്ട് നടക്കുന്നത് . എങ്ങനെയും യു ഡി എഫില്‍ കടന്നുകൂടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ വിരട്ടലുമായി ഇറങ്ങിയിരിക്കുകയാണ് .

സി പി എം എം എല്‍ എ ആയിരുന്ന ശെല്‍വരാജിനെ കോണ്‍ഗ്രസിലെത്തിച്ചതിന് പിന്നിലെ കളികള്‍ താന്‍ വെളിപ്പെടുത്തുമെന്നാണ് ഇപ്പോള്‍ പി സി ജോര്‍ജ്ജ് പറയുന്നത് . 2011 ല്‍ തൂക്ക് മന്ത്രിസഭയായിരുന്ന ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന് പിന്തുണ വര്‍ദ്ദിപ്പിക്കാന്‍ സിപിഎം എം എല്‍ എ ആയിരുന്ന ശെല്‍വരാജ് സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു . അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് പി സി ജോര്‍ജ്ജും കൂട്ടരുമായിരുന്നു

ഉമ്മന്‍ ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും അറിവോടെയാണ് ഇതെല്ലാം നടന്നത്. ഇതിന് പിന്നില്‍ നടന്ന അന്തര്‍നാടകങ്ങളും ഡീലുകളും തനിക്ക് വെളിപ്പെടുത്തേണ്ടി വരുമെന്നാണ് പി സി പറയുന്നത് .പൂഞ്ഞാറില്‍ ഇനി മത്സരിച്ചു ജയിക്കണമെങ്കില്‍ ഏതെങ്കിലും മുന്നണിയുടെ പിന്തുണ വേണം .

കഴിഞ്ഞ തവണത്തെപ്പോലെ ഒറ്റക്ക് നിന്നാല്‍ പണി പാളും . അത് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് യു ഡി എഫില്‍ ചേക്കേറാമെന്ന് വിചാരിച്ചു പരിശ്രമം നടത്തിയത് . പക്ഷെ എന്തുചെയ്യാം പ്രാദേശിക നേതാക്കളെല്ലാം എതിരായി .

പൂഞ്ഞാറിലെ തന്നെ യു ഡി എഫ് നേതാക്കന്മാരും പ്രവര്‍ത്തകരും പി സി യെ മുന്നണിയിലെടുത്താല്‍ പാര്‍ട്ടി വിടുമെന്ന് മുന്നറിയിപ്പ് നല്‍കി . പി സി യുടെ സര്‍വ്വ അടവും ഫലിക്കാതെ വന്നപ്പോഴാണ് ഇപ്പോള്‍ ഭീഷണിയുമായി രംഗത്ത് വന്നത് .

മാത്രമല്ല കുഞ്ഞാലികുട്ടി രാജി വച്ച്‌ വരുന്നത് യു ഡി എഫ് ന് ദോഷമേ ചെയ്യുവെന്നും യു ഡി എഫ് ന്റെ തകര്‍ച്ചയുടെ ആക്കം കൂട്ടുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു. ഇതൊക്കെ സഹിക്കാം ഇന്നലെവരെ സര്‍ക്കാരിനെ കുറ്റവും പറഞ്ഞു നിയമസഭയില്‍ സര്‍ക്കാരിനെ ആക്ഷേപിച്ചും ബോയ്‌കോട്ട് ചെയ്തും എതിര്‍ത്ത് നിന്ന പി സി കഴിഞ്ഞ ദിവസം പ്ളേറ്റ് തിരിച്ചു വച്ചു .

ഇപ്പോള്‍ പി സി പറയുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തന്നെ അധികാരത്തില്‍ വരുമെന്നാണ് . പിണറായി വിജയനെ ചെറുതായി കാണാനാവില്ലന്നും സര്‍ക്കാരിന്റെ ക്ഷേമ, വികസന പധതികള്‍ എല്‍ ഡി എഫ് ന് ഗുണം ചെയ്യുമെന്നും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതടക്കം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു .

യു ഡി എഫിലോ ചേക്കേറാന്‍ പറ്റിയില്ല ഇനി എല്‍ ഡി എഫില്‍ കേറിപ്പറ്റാന്‍ ഒരു കൈ നോക്കിയാലോ എന്നുവിചാരിച്ചാണ് ഈ നിലപാട് മാറ്റം . അത് എന്തായാലും നടക്കുമെന്ന് തോന്നുന്നില്ല . ആര്‍ക്കും കേറി കിടക്കാന്‍ പറ്റിയ സത്രമല്ല എല്‍ ഡി എഫ് .

ഒരിടക്കാലത്ത് മോദിയെ സ്തുതി പാടി എന്‍ ഡി എ യിലും പ്രവര്‍ത്തിച്ചു . നിയമസഭയില്‍ ബിജെപി എം എല്‍ എ ഓ രാജഗോപാലിനൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെതിരായും കേന്ദ്ര സര്‍ക്കാരിനെ വാഴ്ത്തിയും പ്രസംഗിച്ചിട്ടുണ്ട് . നിയമസഭാ രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും .

എന്‍ ഡി എ യില്‍ നിന്നുകൊണ്ട് ബിജെപി യുടെ പ്രീതി സമ്പാദിക്കാന്‍ മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ചതും ആരും മറക്കാന്‍ സാധ്യതയില്ല . എന്നിട്ടുപോലും എന്‍ ഡി എ യില്‍ കാര്യമായ സ്വീകാര്യത കിട്ടാഞ്ഞ് അവിടുന്നും ചാടി .

ഇനി തിരിച്ചു അങ്ങോട്ടും ചെല്ലാന്‍ പറ്റുമോന്ന് സംശയമാണ് . എല്ലാ വഴിയും പി സി യുടെ മുന്നില്‍ അടയുകയാണ് . ഇനിയും നിയമസഭയുടെ പടികടക്കാന്‍ പി സി ക്ക് യോഗമില്ലേ ? പി സി വിരട്ടലും ഭീഷണിയുമൊക്കെ കളഞ്ഞു മര്യാദ രാമനായി ചെന്ന് നോക്ക് ചിലപ്പോള്‍ യു ഡി എഫ് പരിഗണിച്ചേക്കും .

spot_img

Related Articles

Latest news