പിരിയുകയാണീ ദുനിയാവിൽ നിന്നും, പറയാതെ ഓരോ നിമിഷം തോറും എന്ന് യാത്രാമൊഴി പോലെ കുറിച്ചിട്ട് മാപ്പിളപ്പാട്ട് രചയിതാവ് പി. ടി. അബ്ദുറഹിമാൻ പി. ടി. അരീീക്കോട (55) പൂകോട്ടുചോല നിര്യാതനായി. ഒട്ടേറെ മാപ്പിളപ്പാട്ടും ആൽബങ്ങളും ചെയ്തിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമിയുടെ ശിഹാബ് തങ്ങൾ സ്മാരക പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
മാപ്പിള കലാ സംസ്കൃതി അംഗമായിരുന്നു. ആറ് ഹോം സിനിമകളിലേതുൾപ്പെടെ ഭക്തിഗാനങ്ങളടക്കം അഞ്ഞൂറോളം ഗാനങ്ങൾ പുറത്തിറക്കിട്ടുണ്ട്.
ഭാര്യ: ഫൗസിയ (ഏറനാട്.മഡലം വനിതാ ലീഗ് ട്രഷറർ), മക്കൾ: ഡോ. ദിൽറുബ (കടുങ്ങല്ലൂർ മേലേപുരക്കൽ ഹോസ്പിറ്റൽ), ദിൽദിഷ, ബുനയ്യ. മരുമകൻ: ഷിനാദ് വെള്ളിപറമ്പ് . പൂക്കോട്ട്ചോല ജുമാമസ്ജിദിൽ ഖബറടക്കും.
അന്ത്യ മൊഴി പോലെ ഏതാനും മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം വാട്സാപ്പിൽ എഴുതിയിട്ട വരികൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
തുടർ യാത്ര
രചന: പി ടി അരീക്കോട്
പിരിയുകയാണീ ദുനിയാവിൽ നിന്നും,
പറയാതെ ഓരോ നിമിഷം തോറും..
പറവകൾ പോലേ പറന്നകലുന്നൂ…
പ്രിയപ്പെട്ട പലരും അരികിൽ നിന്നും..!
മറയുന്ന പകലും, ഉറക്കുന്ന രാവും,
മടങ്ങി വരുമെന്ന് കരുതരുതാരും..
മറക്കേണ്ട മരണം , അത് നിശ്ചയം..
മയക്കുന്ന ഈ ലോകം, വെറും നശ്വരം..!
ഓർക്കുമ്പോ പരലോകം ഒരു പാട് ദൂരേ..
ഒരു നിമിഷം ശ്വാസം നിലച്ചാൽ നാം അവിടേ..
ഓരോരോ മരണവും പറയുന്നു നേരേ
ഒരുങ്ങി ഇരുന്നോ നിൻ യാത്ര അരികേ..!
കരയേണം പറയേണം ഇലാഹോട് നിത്യം…
കനിവവൻ ചൊരിഞ്ഞാൽ വിജയിക്കും സത്യം..
കറ പുരളാതെ കാക്കേണം സത്വം..
കഴുകിക്കളയേണം പാപങ്ങൾ മൊത്തം..!