പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി.ഹിറ്റാച്ചിക്കുള്ളിലകപ്പെട്ട ബീഹാർ സ്വദേശി അജയ് റായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാറകള്‍ക്കിടയില്‍ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എസ്കവേറ്റർ എത്തിച്ച് രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജെസിബിയില്‍ സഹായി ആയിരുന്ന ഒഡീഷ കാണ്‍ധമാല് ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
നിലവില്‍ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. തകർന്നുകിടക്കുന്ന ക്യാബിന്‍റെ ഉള്ളിലാണ് മൃതദേഹം. ക്യാബിന് ഉള്ളിലും നിറയെ പാറക്കൂട്ടമാണ്. ഇവിടേക്ക് ദൗത്യസംഘം വടംകെട്ടി ഇറങ്ങുകയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാറമടയില്‍ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും സഹായിയുമായ ഇതര സംസ്ഥാന സ്വദേശികളാണ് അപകടത്തില്‍പെട്ടത്. മലമുകളില്‍നിന്നു വീണത് വലിയ പാറക്കെട്ടുകളായത് ദുരന്തത്തിന്‍റെ രൂക്ഷത വർധിപ്പിച്ചു.