പാലക്കാട് :മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ താഴെയെത്തിക്കാൻ നേവിയുടെ സഹായം തേടി. ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. ദേശീയ ദുരന്തനിവാരണ സേന സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.
കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല. ഇതേ തുടർന്ന് ഹെലികോപ്റ്റർ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി. ഹെലികോപ്റ്റർ ഉപയോഗിച്ച് തന്നെ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആദ്യ രക്ഷാപ്രവർത്തനം പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി കോഴിക്കോട് നിന്നും പർവ്വതാരോഹകസംഘത്തെ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തുവാനാണ് ആലോചിക്കുന്നത്.
ചെറാട് സ്വദേശി ബാബുവാണ് ഇന്നലെ മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു. മലയിറങ്ങുന്നതിനിടെ പാറയിടുക്കിലേക്ക് യുവാവ് വീഴുകയായിരുന്നു. വീഴ്ചയെ തുടർന്ന് പിന്നെ ഇയാൾക്ക് മുകളിലേക്ക് കേറി വരാനായില്ല. ഇയാളെ രക്ഷിക്കാൻ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവർ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
തൻ്റെ കാലിന് പരിക്കേറ്റ ചിത്രങ്ങൾ ബാബു അയച്ചു നൽകിയിട്ടുണ്ട്. ഇന്നലെ ബാബുവിന് അരികിലേക്ക് രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ചെങ്കുത്തായ മലയിടുക്കിലേക്ക് എത്താനാവാതെ തിരിച്ചു പോകുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ വിഭാഗത്തിൻ്റെ ഒരു സംഘം നിലവിൽ യുവാവ് കുടുങ്ങി കിടക്കുന്ന പാറക്കെട്ടിന് അടുത്തു ക്യാംപ് ചെയ്യുന്നുണ്ട്. എന്നാൽ ഇവർക്കും യുവാവിനെ നേരിൽ കാണാൻ സാധിക്കില്ല. താഴെ നിന്നു നോക്കിയാൽ യുവാവിനെ കാണാൻ സാധിക്കും.
കഷ്ടിച്ച മൂന്നടി നീളമുള്ള ഒരു മലയിടുക്കിലാണ് യുവാവുള്ളത്. ഇവിടേക്ക് മറ്റു മൃഗങ്ങൾക്കും ഒന്നും എത്തിച്ചേരാൻ പറ്റില്ല. എന്നാൽ ഭക്ഷണമോ വെള്ളമോ കിട്ടാതെ യുവാവിന് ഒറ്റയ്ക്ക് അധികം സമയം അവിടെ തുടരാനുമാവില്ല. കൂടുതൽ ദേശീയ ദുരന്തനിവാരണ സേനാഗംങ്ങൾ ഉടനെ ഇവിടേക്ക് എത്തും. പാലക്കാട് ജില്ലാ കളക്ടർ ആണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അതേസമയം രക്ഷാപ്രവർത്തനം സാധ്യമല്ലെങ്കിൽ യുവാവിന് അടിയന്തരമായി ഭക്ഷണവും വെള്ളവും എത്തിക്കാൻ ശ്രമിക്കണമെന്ന് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കുടിവെള്ളം പോലും ഇല്ലാതെ കാലിന് പരിക്കേറ്റ യുവാവ് മലയിടുക്കിൽ 30 മണിക്കൂർ പിന്നിട്ടു എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Mediawings: