ദമ്മാം : രാഷ്ട്രീയ വടംവലിക്ക് വഖഫ് ബോർഡ് കരുവാകുന്ന സ്ഥിതിവിശേഷം ഒഴിവാക്കപ്പെടുകതന്നെ വേണമെന്ന് കിഴക്കൻ പ്രവിശ്യ കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റിയോഗം സംസ്ഥാന സർക്കാരിനോട് അവശ്യപ്പെട്ടു.
മതത്തിൻറയും സമുദായത്തിൻറയും ഉത്തമ താൽപര്യങ്ങൾക്കായി പൂർവികർ ദവപ്രീതി മാത്രം ലാക്കാക്കി നീക്കിവെച്ച അനേകം കോടികളുടെ വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനും അനാഥമാവാതിരിക്കാനും ലക്ഷ്യങ്ങൾക്കുതകുംവിധം ഉപയോഗപ്പെടാനും വളർത്താനും നിഷ്കർഷിക്കുന്ന വഖഫ് നിയമങ്ങൾ നിലവിലിരിക്കെ കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ പുതിയ തുഗ്ലക്ക് നിയമം സംശയാസ്പദമാണെന്നും കെഎംസിസി ആരോപിച്ചു.
നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ച് പിടിക്കാനും മുഖം നോക്കാതെ നടപടിയെടുക്കാനുമാണ് സർക്കാർ ഇച്ഛാശക്തി കാണിക്കേണ്ടത്.
കാലാകാലങ്ങളായി പ്രവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാത്ത മുഖ്യമന്ത്രി സമുദായ ദ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ഇത് പൊതു സമൂഹം തിരിച്ചറിയണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ബഷീർ ബാഖവിയുടെ അധ്യക്ഷതയിൽ
ദമ്മാം ഹോളിഡേയ്സ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ചെയർമാൻ അഷ്റഫ് ആളത്ത് ഉദ്ഘാടനം ചെയ്തു. ഇക്ബാൽ കുമരനല്ലൂർ ,സഗീർ അഹമ്മദ്, ഷബീർ അമ്പാടത്ത്,അൻവർ പരിച്ചിക്കട,ഖാജാ കുലുക്കല്ലൂര് ,ഷെരീഫ് വാഴമ്പുറം,സാലിഹ് പട്ടാമ്പി,അൻവർ പട്ടാമ്പി, ഹസ്ബു കരിപ്പമണ്ണ ,സലീം കുമ്പിടി എന്നിവർ സംസാരിച്ചു.
ജിദ്ദയിലേക്ക് ജോലി മാറിപ്പോകുന്ന ആക്റ്റിംഗ് സെക്രട്ടറി റാഫിപട്ടാമ്പിക്ക് യോഗം യാത്രയയപ്പ് നൽകി. അദ്ദേഹത്തിനുള്ള ഉപഹാരം പ്രസിഡണ്ട് കൈമാറി.
പുതിയ സെക്രട്ടറിയായി ഷെരീഫ് പാറപ്പുറത്തെ തെരഞ്ഞെടുത്തു.ഷെരീഫ് പാറപ്പുറത്ത് സ്വാഗതവും ട്രഷറർ ഉണ്ണീൻ കുട്ടി നന്ദിയും പറഞ്ഞു.