കണ്ണൂർ: പാലത്തായി പോക്സോ കേസിൽ പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാത്ത പോലീസിൻറെ നടപടി ദുരൂഹമാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ ബഹുജന സമരം സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ധീൻ.
പാലത്തായി കേസിലെ പ്രതി ബി.ജെ.പി നേതാവായ പത്മരാജനെതിരെ പോക്സോ വകുപ്പ് ചുമത്തി അധിക കുറ്റപത്രം ഉടൻ സമർപ്പിക്കുക, ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച നിൽപ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കേസിൻറെ തുടക്കം മുതൽ ഇടപെട്ട എസ്.ഡി.പി.ഐ, കുട്ടിയുടെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയിൽ പത്മരാജനും കൂട്ടർക്കും അർഹമായ ശിക്ഷ വാങ്ങിച്ചു നൽകി, ഇരയ്ക്ക് നീതികിട്ടും വരെ സമര പോരാട്ടത്തിൽ ഞങ്ങൾ മുന്നിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ സമരത്തിൽ കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ധീൻ മൗലവി സ്വാഗതം പറഞ്ഞു, ജില്ലാ സെക്രട്ടറി ഇബ്രാഹീം കൂത്തുപറമ്പ്, ജില്ലാ ട്രഷറർ എ ഫൈസൽ, കണ്ണൂർ മണ്ഡലം സെക്രട്ടറി മഹ്ഷൂക്ക് കിഴുന്ന, ഷുക്കൂർ മാങ്കടവ് തുടങ്ങിയവർ സംബന്ധിച്ചു.

                                    