തൃശ്ശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയർത്തി. ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളുടെ പേരില്‍ ഹൈക്കോടതി നിർത്തിവയ്പിച്ച ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക.കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നല്‍കി. പ്രതിവർഷം സാധാരണ നിലയില്‍ നിരക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെ വർധിപ്പിച്ചു. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നല്‍കിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 എന്നത് 245 ആകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും.
ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും. അതേസമയം ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ 9 വരെ പാലിയേക്കരയിലെ ടോള്‍ പിരിവ് നിർത്തിവച്ചിരിക്കുകയാണ്.