പനമരം: മുന്‍ അധ്യാപകനേയും, ഭാര്യയേയും വീട്ടിനുള്ളില്‍ വെച്ച് അക്രമികള്‍ കുത്തി കൊന്നതിന്റെ നടുക്കത്തിലാണ് പനമരം നെല്ലിയമ്പം നിവാസികള്‍. പ്രതികളെ കണ്ട ഇരുവരും മരണത്തിന് കീഴടങ്ങിയതോടെ പോലീസിനും അന്വേഷണം തലവേദനയാകും. കരച്ചില്‍ കേട്ട് വീട്ടിലേക്ക് ആദ്യം ഓടിയെത്തിയ സമീപവാസിയും, ഇവരുടെ ബന്ധുവും പോലീസ് ഉദ്യോഗസ്ഥനുമായ അജിത്തെന്ന വ്യക്തിക്കും കൊലപാതകികളെ കാണാന്‍ കഴിഞ്ഞില്ലായിരുന്നു. അജിത്ത് എത്തുമ്പോഴേക്കും കേശവന്‍ മാസ്റ്റര്‍ മരിച്ചിരുന്നു. കുത്തേറ്റ് രക്തം വാര്‍ന്ന് നില്‍ക്കുകയായിരുന്ന പത്മാവതിയമ്മ പറഞ്ഞത് പ്രകാരം രണ്ട് പേരാണ് അക്രമണത്തിന് പിന്നിലെന്നാണ്.
ഒറ്റപ്പെട്ട ഇരുനില വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. താഴത്തെ നിലയിലായിരുന്നു ദമ്പതികള്‍ ഉണ്ടായിരുന്നതെന്നും ശബ്ദം കേട്ട് മുകളിലെത്തിയ കേശവന്‍ മാസ്റ്ററും മുകള്‍ നിലയിലുണ്ടായിരുന്ന അക്രമികളും തമ്മില്‍ ബഹളമുണ്ടായതായും പിന്നീട് അക്രമികള്‍ കേശവന്‍ മാസ്റ്ററോടൊപ്പം താഴെ നിലയിലെത്തിയ ശേഷം ദമ്പതികളെ ആക്രമിച്ചതായാണ് സൂചനകള്‍. കേശവന്‍ മാസ്റ്ററുടെ കഴുത്തിനും വയറിനും സാരമായ പരിക്കുണ്ട്. അദ്ദേഹം സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പത്മാവതിയമ്മയെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജെത്തിച്ചുവെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
കരച്ചില്‍ കേട്ട് സംഭവസ്ഥലത്ത് ഓടിയെത്തിയ താന്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കേശവന്‍ മാസ്റ്ററേയും, ഭാര്യ പത്മാവതിയേയും മാത്രമാണ് കണ്ടതെന്ന് ഇവരുടെ ബന്ധുവും അയല്‍വാസിയും പോലീസ് ഉദ്യോഗസ്ഥനുമായ അജിത്ത് പറഞ്ഞു. മുഖം മൂടി ധരിച്ച രണ്ട് പേര്‍ അക്രമിച്ചതായി പത്മാവതിയമ്മ അജിത്തിനോട് അബോധാവസ്ഥയില്‍ പറഞ്ഞിരുന്നു. പിന്നീട് പലതും അവ്യക്തമായാണ് പറഞ്ഞതെന്ന് അജിത്ത് പറയുന്നു.
വീട്ടില്‍ നിന്നും വിലപിടിപ്പുള്ളതെന്നും കാണാതായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കൂടാതെ ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളുമില്ലെന്നാണ് പറയുന്നത്. എന്തായാലും മാനന്തവാടി ഡി.വൈ എസ് പി ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മക്കളായ മഹേഷ് മാനന്തവാടിയിലും മുരളി കോഴിക്കോടും മിനിജ കൂടോത്തുമ്മലിലുമാണ് താമസം.അഞ്ചുകുന്ന് സ്‌കൂളിലെ കായികാധ്യാപകനായിരുന്നു കേശവന്‍. മരുമക്കള്‍: വിനോദ്, പ്രവീണ, ഷിനു.