പന്തളത്ത് കള്ളനോട്ടുമായി യുവതിയും സഹായിയും അറസ്റ്റില്‍

പന്തളത്ത് കള്ളനോട്ടുമായി യുവതിയും സഹായിയും അറസ്റ്റില്‍. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ പൂഴിക്കാട് തച്ചിരേത്ത് ജംഗ്ഷനിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ഇവര്‍ 2000 രൂപയുടെ നോട്ടാണ് നല്‍കിയത്. സംശയം തോന്നിയ കടയുടമ നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം എസ്. ആര്‍. പി. മാര്‍ക്കറ്റ് ജംഗ്ഷനില്‍ ശാന്ത ഭവനില്‍ ദീപ്തി (34), കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടില്‍ക്കടവില്‍ അമ്പലത്തില്‍ വീട്ടില്‍ നാസര്‍ (താഹ നിയാസ് -47) എന്നിവരാണ് പിടിയിലായത്. യുവതിയുടെ വീട്ടില്‍ നിന്ന് കള്ളനോട്ട് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രിന്ററും കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീനും 100 രൂപയുടെ 7 കള്ളനോട്ടും പിടിച്ചെടുത്തു.

അടൂര്‍ ഡിവൈ.എസ്.പി ബി. വിനോദ്, പന്തളം എസ്.എച്ച്‌.ഒ. എസ്. ശ്രീകുമാര്‍, എസ്.ഐമാരായ ബി. അനീഷ്, അജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദീപ്തിയുടെ വീട്ടില്‍ നിന്ന് നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തത്.

കരുനാഗപ്പള്ളിയില്‍ തുണിക്കട നടത്തിയിരുന്ന ദീപ്തി കൊവിഡ് വ്യാപനത്തോടെ കട നിറുത്തിയിരുന്നു. താഹ നിയാസ് ഈ കടയ്ക്ക് സമീപം മെഡിക്കല്‍ സ്റ്റോര്‍ നടത്തി വരികയായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച ദീപ്തി, താഹ നിയാസിനൊപ്പമാണ് ഏറെ നാളായി കഴിയുന്നത്. ആറുമാസത്തിലേറെയായി ഇവര്‍ കള്ളനോട്ട് ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

spot_img

Related Articles

Latest news