പറവൂരില്‍ വീട്ടമ്മയുടെ ആത്മഹത്യ; വട്ടിപ്പലിശക്കാരായ അയല്‍ക്കാര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും

കൊച്ചി: വട്ടിപ്പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് പറവൂർ സ്വദേശിനി ആശ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തും.അയല്‍ക്കാരിയായ ബിന്ദു, ഇവരുടെ ഭർത്താവ് പ്രദീപ് കുമാർ എന്നിവർക്കെതിരെയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തുക. ആത്മഹത്യാക്കുറിപ്പില്‍ ബിന്ദുവും പ്രദീപും പലതവണ ഭീഷണിപ്പെടുത്തിയെന്ന് ആശ എഴുതിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിലവില്‍ പറവൂർ താലൂക്ക് ആശുപത്രിയില്‍ ആശയുടെ പോസ്റ്റ്‌മോർട്ടം നടക്കുകയാണ്. ആശയും ബിന്ദുവും തമ്മില്‍ പത്ത് ലക്ഷം രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ഇക്കാര്യം ആശയുടെ വീട്ടുകാർക്ക് അറിവില്ല. ഇത്രയും വലിയ തുക ബിന്ദുവിന് ലഭിച്ചത് എവിടെനിന്നാണ് എന്നതും പൊലീസ് അന്വേഷിക്കും.

2018ലെ ഉരുട്ടിക്കൊല കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സസ്‌പെൻഷനിലായ പൊലീസ് ഡ്രൈവറാണ് ബിന്ദുവിന്റെ ഭർത്താവ് പ്രദീപ്. കൈക്കൂലിക്കേസ് നിലനില്‍ക്കുന്നതിനാല്‍ വിരമിച്ച ശേഷവും പ്രദീപിന് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. നിലവില്‍ ഇയാള്‍ ഓട്ടോ ഓടിച്ച്‌ ജീവിക്കുന്നുവെന്നാണ് പറയുന്നത്. അതിനാല്‍, ഇവരുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കും.

ഇന്നലെയാണ് കോട്ടുവള്ളി സൗത്ത് പൊക്കത്ത് ക്ഷേത്രത്തിന് സമീപം പുളിക്കത്തറ വീട്ടില്‍ ബെന്നിയുടെ ഭാര്യ ആശ (46) മരിച്ചത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ ഭീഷണിയെക്കുറിച്ച്‌ വിശദമായി ആശ പറയുന്നുണ്ട്. കടംവാങ്ങിയ തുകയുടെ ഇരട്ടിയോളം കൊടുത്തിട്ടും പ്രദീപ്‌ കുമാറും ബിന്ദുവും ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാൻ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ആത്മഹത്യാക്കുറിപ്പ് വീട്ടുകാർ പറവൂർ പൊലീസിന് കൈമാറി.

2022ല്‍ വീടുപണിക്കായി ബിന്ദുവില്‍ നിന്ന് 10 ലക്ഷംരൂപ പലിശയ്ക്ക് ആശ വാങ്ങിയിരുന്നു. ഇരട്ടിത്തുക മടക്കി നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് കഴിഞ്ഞ 11ന് ആശ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ അന്നുതന്നെ പ്രദീപ്‌ കുമാർ ഭാര്യയുമായെത്തി 18 ലക്ഷം തരാനുണ്ടെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കാൻ ആവശ്യപ്പെട്ടു. ഇതിന് ആശ തയ്യാറായില്ല.

ഭീഷണി തുടർന്നതോടെ ആലുവ എസ്പിക്ക് പരാതി നല്‍കിയിരുന്നു. സംഭവമന്വേഷിക്കാൻ പറവൂർ സർക്കിള്‍ ഇൻസ്പെക്ടർക്ക് എസ്.പി നിർദ്ദേശം നല്‍കി. തുടർന്ന് ഇരുകൂട്ടരെയും വിളിപ്പിച്ച പൊലീസ് തർക്കമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനും ആശയുടെ വീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും നിർദ്ദേശിച്ചു. എന്നാല്‍ തിങ്കളാഴ്ച രാത്രി എട്ടിന് പ്രദീപ് കുമാറും ബിന്ദുവും വീണ്ടും ആശയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കി. ഹെല്‍പ്പ്‌ലൈൻ നമ്പറായ 112ല്‍ ആശ വിളിച്ചറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ ഉച്ചയോടെ മകള്‍ മാത്രം വീട്ടിലുള്ളപ്പോഴാണ് ആശ പുറത്തുപോയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മകള്‍ സമീപത്തെ പുഴക്കടവില്‍ എത്തിയപ്പോള്‍ ആശയുടെ ചെരുപ്പ് കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മക്കള്‍: ഗോഡ്സണ്‍ (ടാറ്റാ മോട്ടോർസ്, ചേരാനല്ലൂർ), ജീവനി (വിദ്യാർത്ഥി).

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ- 1056)

spot_img

Related Articles

Latest news