സികാര്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത്. രാജസ്ഥാനിലെ സികാറില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് മാര്‍ച്ചിനുള്ള നിര്‍ദേശം എപ്പോള്‍ വേണമെങ്കിലും ലഭിച്ചേക്കാമെന്നും അതിനാല്‍ കര്‍ഷകര്‍ തയാറായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കര്‍ഷകര്‍ പാര്‍ലമെന്റ് വളയും. നാല് ലക്ഷം ട്രാക്ടറുകള്‍ക്ക് പകരം ഇത്തവണ 40 ലക്ഷം ട്രാക്ടറുകളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ഇന്ത്യാ ഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുതുമറിച്ച് കര്‍ഷകര്‍ കൃഷി നടത്തും. അതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകരെ അപമാനിക്കുന്നതിനുള്ള ഗൂഡാലോചന രാജ്യ തലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിന് പിന്നിലുണ്ട്. രാജ്യത്തെ കര്‍ഷകര്‍ ത്രിവര്‍ണ പതാകയെ സ്നേഹിക്കുന്നു. എന്നാല്‍ രാജ്യത്തെ നേതാക്കളോട് അങ്ങനെയല്ലെന്നും രാകേഷ് ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.