ന്യൂദല്‍ഹി: ഗോവ വിമാനത്താവളത്തിന്റെ പേരുമാറ്റാന്‍ തീരുമാനിച്ച് കേന്ദ്രമന്ത്രിസഭ. മുന്‍ പ്രതിരോധ മന്ത്രിയും നാല് തവണ ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച മനോഹര്‍ പരീക്കറോടുള്ള ആദരസൂചകമായി ഗോവയിലെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ ‘മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്പോര്ട്ട് – മോപ, ഗോവ’ എന്ന് പേരുമാറ്റാന്‍ അംഗീകാരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. മോപ്പയിലെ വിമാനത്താവളം 2022 ഡിസംബറിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ആധുനിക ഗോവ കെട്ടിപ്പടുക്കുന്നതില്‍ ഡോ. മനോഹര്‍ പരീക്കര്‍ നല്‍കിയ സംഭാവനകളെ മാനിച്ചാണ് വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഗോവയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി, ഗോവയിലെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്, മോപ്പ, ‘മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്പോര്ട്ട്, മോപ’ എന്ന് നാമകരണം ചെയ്യാനുള്ള ഗോവ സംസ്ഥാന മന്ത്രിസഭയുടെ ഏകകണ്ഠമായ തീരുമാനം ഗോവ മുഖ്യമന്ത്രി അറിയിച്ചിരുന്നു.