ന്യൂഡല്‍ഹി: വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി വിപണിയിലിറക്കിയ നെയ്യിന്റെ സാംപിളില്‍ മായം കലര്‍ന്നതായി കണ്ടെത്തി.
കേന്ദ്ര-സംസ്ഥാന ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ അഹെഡ്’ റിപ്പോര്‍ട്ട് ചെയ്തു. പതഞ്ജലി അരിയില്‍ വലിയ തോതില്‍ കീടനാശിനിയും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ ഒരു കടയില്‍നിന്ന് കണ്ടെടുത്ത നെയ്യിന്റെ സാംപിളാണ് സംസ്ഥാന ലബോറട്ടറിയില്‍ പരിശോധിച്ചത്. ഇവിടെ മായം കലര്‍ന്നതായി കണ്ടെത്തിയതിനു പിന്നാലെ കേന്ദ്ര ലബോറട്ടറിയിലും പരിശോധനയ്ക്കയച്ചു. ഇതിലും കൃത്രിമം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും പതഞ്ജലി നെയ്യ് പരാജയപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.
ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ പതഞ്ജലി നെയ്യ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി ഉത്തരാഖണ്ഡ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോസ്ഥന്‍ എം.എന്‍ ജോഷി പറഞ്ഞു. നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പതഞ്ജലിക്കെതിരെ തെഹ്‌രി ജില്ലാ കോടതിയില്‍ പരാതി നല്‍കുമെന്ന് ജോഷി അറിയിച്ചു.
പതഞ്ജലിയുടെ അരിയില്‍ കീടനാശിനികളും കണ്ടെത്തിയതായി ജോഷി വെളിപ്പെടുത്തി. ‘ചാര്‍ധം യാത്ര’യുടെയു ഭാഗമായി ചംബ-ധരാസു ദേശീയപാതയില്‍ സേലു പാനിയിലുള്ള ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് വിഷാംശമുള്ള അരി കണ്ടെടുത്തത്. അരിയില്‍ വലിയ അളവില്‍ കീടനാശിനിയുടെ അളവുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്.
2021ലും പതഞ്ജലി നെയ്യ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍, കേന്ദ്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ പതഞ്ജലി തയാറായിട്ടില്ല.