ലക്ഷദ്വീപ് സന്ദര്‍ശനത്തിലൂടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ ലക്ഷ്യമിടുന്നത് വന്‍കിട നിര്‍മാണപദ്ധതികള്‍ക്ക് അന്തിമരൂപം നല്കല്. ദ്വീപിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയ സ്മാര്‍ട്ട് സിറ്റി പദ്ധതി, വമ്പൻ ആശുപത്രികളുടെ നിര്‍മാണം, ഇക്കോടൂറിസം – ഹെലിബേസ് പദ്ധതികള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജീസിന്റെ (എന്‍ഐഒടി) വിവിധ പദ്ധതികള്‍ എന്നിവ ഇതിലുള്‍പ്പെടും.
ഒരാഴ്ചകൊണ്ട് ഇവയുടെ അവതരണവും ചര്‍ച്ചകളും തുടര്‍ന്ന് നിര്‍വഹണ ഘട്ടത്തിലേക്കുള്ള നടപടികളും പൂര്‍ത്തിയാക്കലാണ് ലക്ഷ്യം. ഈ പദ്ധതികള്‍ക്ക് വഴിയൊരുക്കാനുള്ള പരിഷ്കാരങ്ങളാണ് ഇതിനകം അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ടത്.
ലക്ഷദ്വീപിന്റെ തീരത്തെയും കടലിനെയും പ്രതികൂലമായി ബാധിക്കുന്ന വന്‍കിട പദ്ധതിയാണ് ഇക്കോ ടൂറിസത്തിലുള്ളത്. നിതി ആയോഗ് അനുമതി നല്കിയ, തീരത്തും കടലിലും വില്ലകള്‍ നിര്‍മിക്കുന്ന പദ്ധതിയാണിത്. ഇതിനെതിരെ രാജ്യത്തെ മുപ്പതോളം ഗവേഷണ സ്ഥാപനങ്ങളിലെ 114 ശാസ്ത്രകാരന്മാര് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ അവതരണം 17നാണ്.
എന്‍ഐഒടി ആവിഷ്കരിച്ച കടല്‍ജലം ശുദ്ധീകരിക്കുന്ന 200 കോടിയോളം രൂപയുടെ പദ്ധതിയാണ് മറ്റൊന്ന്. ലോ ടെംപറേച്ചര്‍ തെര്‍മല്‍ ഡെസ്റ്റിനേഷന്‍ (എല്‍ടിടിഡി) സാങ്കേതിക വിദ്യ പ്രകാരമുള്ള പദ്ധതിയുടെ ലക്ഷ്യം ടൂറിസം രംഗത്തെ വികസനമാണ്. ആറു ദ്വീപുകളിലാണ് പ്ലാന്റ് നിര്‍മിക്കുക.ഇതിന്റെ പരിശോധന 18ന് നടക്കും. കവരത്തി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കവരത്തി, അഗത്തി ദ്വീപുകളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിക്കാന്‍ 140 കോടി രൂപയാണ് ചെലവ്. ബുധനാഴ്ച ഈ ദ്വീപുകളും അഡ്മിനിസ്ട്രേറ്റര്‍ സന്ദര്‍ശിക്കും.
ലക്ഷദ്വീപില്‍ ചുമതലയേറ്റത് മുതല്‍, പാരിസ്ഥിതിക പ്രത്യേകതകള്‍ അവഗണിച്ച് വന്‍കിട നിര്‍മാണങ്ങള്‍ക്കുള്ള ശ്രമത്തിലാണ് പ്രഫുല്‍ കെ പട്ടേല്‍. ദാമന്‍ ദിയു, ദാദ്ര – നഗര്‍ ഹവേലി പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററായിരിക്കെ അവിടങ്ങളിൽ നടപ്പാക്കിയതും അതാണ്.
നിര്‍മാണ കരാറുകള്‍ മകനുള്‍പ്പെടെ നല്‍കാനാണ് നീക്കം. പദ്ധതി നടത്തിപ്പിനും ടൂറിസത്തിന്റെ പേരിലും വന്‍കിട കോര്‍പറേറ്റുകള്‍ ദ്വീപില്‍ സ്ഥാനമുറപ്പിക്കുമെന്നും വിമര്‍ശമുണ്ട്.