കയ്യിൽ ഒരു പ്രദേശത്തെയാകെ മയക്കാനുള്ള ലഹരി; ജിജോയിൽ നിന്ന് പിടികൂടിയത് 35 ലക്ഷത്തിൻ്റെ ഹാൻസ്

പത്തനംതിട്ട: ഒറ്റ റെയ്‌ഡിൽ കണ്ടെത്തിയത് ഒരു പ്രദേശത്തെയാകെ മയക്കാനുള്ള നിരോധിത ലഹരി വസ്തുക്കൾ. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വൻതോതിൽ ലഹരി വിപണനം നടക്കുന്നു എന്ന കണ്ടെത്തലിൽ ഇരു ജില്ലകളിൽ നിന്നുള്ള സംഘങ്ങൾ ഒറ്റക്കും കൂട്ടായും അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ചെങ്ങന്നൂരിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലയുള്ള നിരോധിത ഉത്പ്പന്നങ്ങൾ പിടികൂടിയത്.

വിപണിയില്‍ 35 ലക്ഷത്തോളം രൂപ വിലവരുന്ന 72,000 പാക്കറ്റ് ഹാന്‍സ് ആണ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പരുമല വാലുപറമ്പില്‍ താഴ്ചയില്‍ ജിജോ ജോസഫി (38) നെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. പാണ്ടനാട് വാടക വീട് എടുത്താണ് ഇയാള്‍ പുകയില ഉല്‍പന്നങ്ങളുടെ കച്ചവടം നടത്തിയിരുന്നത്. മൂന്നു വാഹനങ്ങളിലായി തമിഴ്‌നാട്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുമാണ് ഉത്പ്പന്നങ്ങള്‍ എത്തിച്ചിരുന്നതെന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ. ആര്‍ ജോസ് പറഞ്ഞു. ഈ വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ജിജോക്ക് ഒപ്പം കച്ചവടത്തിൽ പങ്കാളിത്തമുള്ളവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. മൊത്തമായി ലഭിക്കുന്ന ലഹരി വസ്തുക്കൾ ചെങ്ങന്നുർ, ആറന്മുള പ്രദേശങ്ങളിലെ ചെറുകിട വ്യാപാരികൾക്ക് നൽകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇത് വിദ്യാര്‍ഥികൾക്ക് നൽകുന്നുണ്ടോ എന്നും പരിശോധിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബിനുകുമാര്‍, ചെങ്ങന്നൂര്‍ എസ്എച്ച്ഒ ജോസ് മാത്യു, എസ്‌ഐമാരായ എംസി അഭിലാഷ്, സുരേഷ് ബാബു, ഇല്യാസ്, എഎസ്‌ഐമാരായ സന്തോഷ്, അജിത്ത് കുമാര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ ഹരികൃഷ്ണന്‍, മുഹമ്മദ് ഷാഫി, അനസ്, രതീഷ് കുമാര്‍, സിദ്ദിഖ്, സിപിഒമാരായ അതുല്‍ രാജ്, ശിവകുമാര്‍, എസ് സനല്‍ എന്നിവര്‍ അന്വേഷണത്തിൽ പങ്കെടുത്തു.

spot_img

Related Articles

Latest news