പത്തനംതിട്ട: രാത്രി നടക്കാനിറങ്ങിയ പത്തനംതിട്ട ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന് (ഒന്ന്) തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട നഗരത്തിൽ സെൻട്രൽ ജങ്‌ഷനടുത്ത് ബുധനാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. കാലിൽ രണ്ടിടത്ത് കടിയേറ്റിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പ്രതിരോധകുത്തിവെപ്പെടുത്തു.
അല്പസമയത്തിനുശേഷം ജനറൽ ആശുപത്രിക്കടുത്തുള്ള വസ്ത്രവ്യാപാരശാലയിലെ സുരക്ഷാജീവനക്കാരൻ ചാലാപ്പള്ളി സ്വദേശി പ്രകാശ്ബാബുവിനെയും നായ കടിച്ചു. സ്ഥാപനത്തിന് മുന്നിൽ റോഡരികിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന്റെയും കാലിലാണ് കടിച്ചത്. രണ്ടിടത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഉച്ചയ്ക്ക് ഓമല്ലൂരിൽ വനംവകുപ്പുജീവനക്കാരനെയും തെരുവുനായ കടിച്ചിരുന്നു.