തിരുവനന്തപുരം: സംസ്ഥാന ബി. ജെ. പിയിലെ പടലപ്പിണക്കങ്ങള്‍ക്കും ശീതയുദ്ധങ്ങള്‍ക്കും താല്‍ക്കാലിക വിരാമമിട്ട് സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ശോഭ സുരേന്ദ്രനായി കഴക്കൂട്ടത്ത് റോഡ് ഷോ നടത്തി. കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്‍റായത് മുതല്‍ നേതൃത്വവുമായി നിരന്തരം കലഹിച്ചിരുന്ന ശോഭയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുരേന്ദ്രന്‍ എത്തിയത് ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
ബി.ജെ.പി വലിയ പ്രതീക്ഷ വെക്കുന്ന കഴക്കൂട്ടത്ത് ദേശീയ നേതൃത്വത്തിന്റെ ഇടപെടലില്‍ അവസാന നിമിഷമാണ് ശോഭ സ്ഥാനാര്‍ഥിയായത്. ശോഭ സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍ അവര്‍ക്കായി മണ്ഡലത്തില്‍ എത്തി പ്രചാരണം നടത്തിയിരുന്നു. അപ്പോഴും സംസ്ഥാന അധ്യക്ഷന്‍ എത്തുമോയെന്നതായിരുന്നു സംശയം.
ബുധനാഴ്ചയാണ് സുരേന്ദ്രന്‍ കഴക്കൂട്ടത്ത് പ്രചാരണത്തിന് എത്തിയത്. ശോഭാ സുരേന്ദ്രനൊപ്പം അദ്ദേഹം റോഡ് ഷോ നടത്തുകയും ചെയ്തു. മണ്ണന്തല നിന്നായിരുന്നു ഇരുവരും തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തിയത്.