കോഴിക്കോട് പയ്യാനക്കലിൽ അമ്മ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. കൊലപാതകം നടക്കുമ്പോൾ അമ്മക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കേസിൽ കുറ്റപത്രം ഉടൻ ഉണ്ടാകും.
അന്ധവിശ്വാസമാണ് കൊലയ്ക്ക് കാരണമായത്. മന്ത്രവാദത്തിലും പ്രേതബാധയിലുമൊക്കെ യുവതി അന്ധമായി വിശ്വസിച്ചിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചതിന് പിന്നിൽ അന്ധവിശ്വാസമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുടുംബ പ്രശ്നങ്ങളുടെ മാനസിക സമ്മർദ്ദത്തിലായിരുന്നു യുവതിയെന്നും കണ്ടെത്തലുണ്ട്.
ആറ് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അമ്മ സമീറ മാത്രമാണ് കൊലനടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്, സമീറയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന നാട്ടുകാരുടെ ആരോപണം കണക്കിലെടുത്ത് പൊലീസ് അവരെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സമീറയെ പൊലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.പക്ഷെ രണ്ട് ദിവസത്തെ പരിശോധനയിൽ അമ്മ സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നായിരുന്നു ഡോക്ടർമാരുടെ ആദ്യത്തെ നിഗമനം.
ഇതിന് പിന്നാലെയാണ് കൊലപാതകം നടക്കുമ്പോൾ അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവരുന്നത്.