ന്യൂഡല്‍ഹി: പാര്‍ലമെന്റ് തടസപ്പെടുത്തുന്നവര്‍ക്കു വേണ്ടി കുഴപ്പക്കാര്‍ പുറത്തു വിട്ടതാണ് ഇപ്പോഴത്തെ പെഗാസസ് ഫോണ്‍ ചോര്‍ച്ചാ റിപ്പോര്‍ട്ടെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. അമിത്ഷാ ഇടയ്ക്ക് ഉപയോഗിക്കുന്ന ‘ക്രോണോളജി’ എന്ന വാക്കുപയോഗിച്ചാണ് പ്രതികരണം. ‘ആപ് ക്രോണോളജി സംജിയേ’ (കാലക്രമം അറിയുമോ) എന്നായിരുന്നു അമിത്ഷായുടെ പ്രതികരണം.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത് തൊട്ടു മുന്‍പായി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രശ്മുണ്ടാക്കാനായി തയ്യാറാക്കിയതാണ് എന്നാണ് അമിത്ഷാ ആരോപിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന സമയം നോക്കണമെന്നും അമിത്ഷാ പറഞ്ഞു. ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അമിത്ഷാ ആരോപിച്ചു.
പെഗാസസ് നിരീക്ഷണ വിവാദത്തില്‍ മോദി സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇരുവര്‍ക്കുമെതിരേ അന്വേഷണം വേണം.
ചോര്‍ത്തലിന് പിന്നില്‍ മോദി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പെഗാസസ് സര്‍ക്കാറിന് മാത്രമാണ് വിവരങ്ങൾ കൈമാറുന്നത്. ഇതില്‍ നിന്ന് അവരുടെ പങ്കാളിത്തം വ്യക്തമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ സംഭാഷണങ്ങളും കേള്‍ക്കാമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വാര്‍ത്താസമ്മേളനത്തിലും കുറ്റപ്പെടുത്തി. പെഗാസസ് സോഫ്റ്റ് വെയറിലൂടെ ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാരാണ്.
സ്വന്തം മന്ത്രിമാരെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് മോദി സര്‍ക്കാര്‍ ഇത് നടപ്പാക്കിയതെന്ന് വ്യക്തമാണ്. ഇത് വ്യക്തമായ രാജ്യദ്രോഹമാണെന്നും മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയില്‍നിന്ന് പൂര്‍ണമായി പിന്മാറിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.