ന്യൂദല്‍ഹി- ഇസ്രാഈലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പൗരന്മാരെ രഹസ്യനിരീക്ഷണം നടത്തുകയും ഫോണ്‍ചോര്‍ത്തുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയെ സമീപിച്ചു. അനാവശ്യമായ രഹസ്യ നിരീക്ഷണം മൗലികാവകാശ ലംഘനമാണെന്നും സ്വകാര്യതാ ഉത്തരവിന്റെ ലംഘനമാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിലൂടെ പുറത്തു വന്ന പെഗാസസ് ചാരവൃത്തി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് ഒരു അഭിഭാഷകനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ട ഫോണുകളില്‍ ഒന്ന് സുപ്രീം കോടതി ജഡ്ജിയുടേതാണെന്നും ഇത് നീതി നിര്‍വഹണത്തിലെ ഞെട്ടിക്കുന്ന ഇടപെടലാണെന്നും ബ്രിട്ടാസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ ചാര സോഫ്റ്റ് വെയര്‍ വാങ്ങിയ കാര്യം സര്‍ക്കാര്‍ നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.