തിരുവനന്തപുരം: ലക്ഷദ്വീപിന്റെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്ക്കും കടുത്ത വികാരം തന്നെയാണ് ഉണ്ടാവുക. കാരണം നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ് അവര്‍. അതുകൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങളില്‍ നിയമസഭ ഇടപെടും.
ഒരു പൊതു പ്രമേയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് ജില്ലാ കലക്ടര്‍ തന്നെ ഇന്ന് രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്. കൊച്ചിയിലായിരുന്നു വാര്‍ത്താ സമ്മേളനം.
ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുകയാണ്. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. ഗുണ്ടാ നിയമം നടപ്പാക്കിയത് ഇതിന്റെ ഭാഗമാണെന്നും ജില്ലാ കലക്ടര്‍ എസ്. അസ്കര്‍ അലി ന്യായീകരിച്ചു.
ടൂറിസം സീസണിലെ തിരക്ക് അടിസ്ഥാനമാക്കി താല്ക്കാലിക്കാരെ എടുക്കും. ഇവരെ ഓഫ് സീസണില്‍ പിരിച്ചുവിടും. ഇത് എല്ലാ വര്‍ഷവും നടക്കുന്നതാണെന്നായിരുന്നു പിരിച്ചുവിടല്‍ നടപടികളോടുള്ള കളക്ടറുടെ പ്രതികരണം.
73 വര്‍ഷമായിട്ടും കാലോചിതമായ വികസനം ഇവിടെ ഉണ്ടായിട്ടില്ല. ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പുതിയ നടപടിക്രമങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും കലക്ടര്‍ ന്യായീകരിച്ചു.
പ്രതിഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താല്പ്പര്യക്കാരുടേതാണ്. അവര്‍ പ്രചരിപ്പിക്കുന്നതെല്ലാം നുണക്കഥകളാണെന്നും കലക്ടര്‍ ആരോപിച്ചു. ദ്വീപില്‍ നിയമ വിരുദ്ധമായ ബിസിനസുകള്‍ നടത്തുന്നവരും പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ ആരോപണങ്ങളെയെല്ലാം ലക്ഷദ്വീപ് നിവാസികള്‍ ഒന്നടങ്കം തള്ളിക്കളഞ്ഞിരിക്കുകയാണ്.