കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിപിഎം പങ്ക് തെളിഞ്ഞു. സിപിഎം നേതാക്കളും പ്രവർത്തകരുമായ 14 പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക സിബിഐ കോടതി വിധിപറഞ്ഞു.24 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. 10 പേരെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. സിപിഎം പെരിയ മുൻ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരൻ, സിപിഎം നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, മുൻ സിപിഎം എംഎല്‍എ കെ വി കുഞ്ഞിരാമൻ അടക്കമുള്ള 14 സിപിഎംകാരാണ് കുറ്റക്കാർ. കൊലപാതകവും ഗൂഢാലോചയും തെളിഞ്ഞതായി കോടതിവിധിയിലുണ്ട്.
സംസ്ഥാന പോലീസും ക്രൈം ബ്രാഞ്ചും കേസന്വേഷണം അട്ടിമറിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് ശരത്തിന്റെയും കൃപേഷിന്റേയും കുടുംബങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയിരുന്നു. സിബിഐ അന്വേഷണം വരാതിരിക്കാൻ സർക്കാർ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു.പൊതുഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ ചെലവാക്കി സിബിഐ അന്വേഷണം തടയാൻ സർക്കാർ സുപ്രീംകോടതി വരെ പോയിരുന്നു. എന്നാല്‍ കോടതി വിധി കുടുംബത്തിന് അനുകൂലമായിരുന്നു. സിബിഐ വന്നതിന് ശേഷമാണ് ഉന്നത സിപിഎം നേതാക്കള്‍ അടക്കം പ്രതിപ്പട്ടികയില്‍ വന്നത്.
2019 ഫെബ്രുവരി മാസം 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പാർട്ടിഗ്രാമമായ പെരിയയില്‍ ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. റിമാന്റിലുണ്ടായിരുന്ന പ്രതികള്‍ക്ക് ജാമ്യം അടക്കം നിഷേധിച്ച് വിചാരണ പൂർത്തിയാക്കാൻ സിബിഐ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. 10 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും കുടുംബങ്ങള്‍ അറിയിച്ചു.