തലശ്ശേരി: വിവാദങ്ങൾക്ക് വിട, രണ്ട് വർഷം മുൻപ് അറബിക്കടലിന്റെ ധർമ്മടം ചാത്തോടം ഭാഗത്ത് മണലിൽ കുടുങ്ങി കിടക്കുന്ന പഴയ ചരക്ക് കപ്പൽ ഒടുവിൽ കടലിൽ വച്ചു തന്നെ പൊളിച്ചുനീക്കാൻ തീരുമാനം. ഇതിനായുള്ള യന്ത്ര സാമഗ്രികളും ഉ പകരണങ്ങളും വിദഗ്ധ തൊഴിലാളികളും ഇവിടെ എത്തിത്തുടങ്ങി. ദിവസങ്ങൾക്കകം പൊളിക്കാൻ തുടങ്ങും.
ജില്ലാ കലക്ടറാണ് കപ്പൽ പൊളിക്കാൻ അനുമതി ഉത്തരവ് നൽകിയത്. സിൽക്കാണ് പ്രവർത്തി നടത്തുന്നത്. കൂറ്റൻ കെയിൻ ഉപയോഗിച്ച് കപ്പലിനെ കഴിയാവുന്നിടത്തോളം കരയിലേക്ക് വലിച്ചടുപ്പിക്കും. അവിടെ വച്ചാവും പൊളിച്ചടുക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് മാലിയിൽ നിന്നും അഴീക്കലിലേക്ക് പുറംകടലിലൂടെ ടഗ്ഗിൽ കെട്ടിവലിച്ചു കൊണ്ടു പോവുന്നതിനിടയിൽ കടൽക്ഷോഭത്തിൽ വടം പൊട്ടിയതിനെ തുടർന്നാണ് ഒഴിവാലി എന്ന് പേരുള്ള പഴയ ചരക്ക് കപ്പൽ തിരകളിൽ ആടി ഉലഞ്ഞ് നീങ്ങി ധർമ്മടത്തെത്തിയിരുന്നത് .
തീരത്ത് നിന്നും ഏതാണ്ട് 500 മീറ്റർ അകലെ ഇത് മണലിൽ ആണ്ടു നിന്നു. ഇവിടെ നിന്നും ഇളക്കി മാറ്റി അഴീക്കലെത്തിക്കാൻ ബലൂൺ സാങ്കേതികവിദ്യ, ഖലാസികൾ, ബോട്ട് കെട്ടി വലി തുടങ്ങി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കപ്പലിനെ ഉറച്ചുപോയ സ്ഥലത്ത് നിന്നും ഒരിഞ്ചു മാറ്റാനായിരുന്നില്ല.
ഗത്യന്തരമില്ലാതായതോടെ കിടക്കുന്നിടത്ത് വച്ച് തന്നെ പൊളിക്കാനായി നീക്കം. പഴകിയ കപ്പൽ പൊളിക്കുമ്പോൾ മാരകവിഷമുള്ള രാസവസ്തുക്കൾ കടലിലും പിന്നെ കരയിലേക്കും എത്തുമെന്ന ആശങ്കയിൽ കപ്പൽ പൊളി വിരുദ്ധ സമരസമിതിയും നാട്ടുകാരും തടസ്സം നിന്നതോടെ അധികൃതർ അന്ന് പിൻവാങ്ങി. ഇതേ തുടർന്ന് രണ്ട് വർഷവും രണ്ട് മാസത്തോളവും കപ്പൽ ധർമ്മടം ചാത്തോടം തീരത്ത് നോക്കുകുത്തിയായി കിടപ്പായിരുന്നു.
Mediawings: