ഫോൺവിളി വിവാദം: എം.പി. എത്തുംമുമ്പ് സി.ഐ.ടി.യു. ഓഫീസിലേക്ക് മാറ്റി;

ഒറ്റപ്പാലം: ഫോൺവിളിച്ച പത്താംക്ലാസുകാരനോട് മുകേഷ് എം.എൽ.എ. കയർത്തുസംസാരിച്ച സംഭവത്തിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ വിദ്യാർഥി രംഗത്ത്. മീറ്റ്‌ന എസ്.ആർ.കെ. നഗർ വിഷ്ണുനിലയത്തിൽ വിഷ്ണുനാരായണനാണ് മുകേഷിനെതിരേ പരാതിയില്ലെന്നറിയിച്ച് സി.പി.എം. നേതാക്കളുടെ സാന്നിധ്യത്തിൽ രംഗത്തെത്തിയത്.

വി.കെ. ശ്രീകണ്ഠൻ എം.പി. രാവിലെ കുട്ടിയുടെ വീട്ടിലെത്തുന്നുണ്ടെന്നറിഞ്ഞ സി.പി.എം. നേതാക്കൾ വിദ്യാർഥിയെയും അച്ഛനെയും പാലപ്പുറത്തെ സി.ഐ.ടി.യു. ഓഫീസിലേക്ക് മാറ്റി. അടച്ചിട്ട ഓഫീസിൽ നേതാക്കൾക്കൊപ്പം ഒരു മണിക്കൂറിലെറെ സമയം ഇവർ ചെലവഴിച്ചു. തുടർന്നാണ് ജില്ലാ കമ്മിറ്റി അംഗം എം. ഹംസയ്ക്കൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. കെ. പ്രേംകുമാർ എം.എൽ.എ.യും വിദ്യാർഥിയോട് സംസാരിച്ചു. ഇതുവരെ വി.കെ. ശ്രീകണ്ഠൻ എം.പി. വിദ്യാർഥിയുടെ വീടിനു സമീപത്ത് തുടർന്നു.

നാലുദിവസങ്ങൾക്കുമുമ്പാണ് മുകേഷിനെ വിദ്യാർഥി വിളിക്കുന്നത്. മൂന്നുതവണ വിളിച്ചപ്പോൾ ഫോൺ കട്ട് ചെയ്തു. പിന്നീട് മൂന്നു തവണകൂടി വിളിച്ചു. ശേഷം ഗൂഗിൾ മീറ്റിലെ ഓൺലൈൻ യോഗം കട്ടായെന്ന് പറഞ്ഞ് മുകേഷ് തിരിച്ചുവിളിച്ചാണ് സംസാരിച്ചത്.

പലർക്കും സഹായമായി മൊബൈൽ ഫോൺ നൽകുന്നതായി അറിഞ്ഞതുകൊണ്ടാണ് കൂട്ടുകാരന് ഫോണിനായി വിളിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ആറുതവണ വിളിച്ചതുകൊണ്ടാകും അദ്ദേഹം കയർത്തുസംസാരിച്ചത്. അതിൽ പരിഭവമില്ല. മുകേഷിനോട് സംസാരിക്കുന്നത് കേൾക്കണമെന്ന് കൂട്ടുകാരൻ പറഞ്ഞിരുന്നു. ആ കൂട്ടുകാരന് മാത്രമാണ് ശബ്ദരേഖ പങ്കുവെച്ചിരുന്നതെന്നും വിദ്യാർഥി പറഞ്ഞു.

സി.ഐ.ടി.യു. ആയുർവേദ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റിന്റെ മകനാണ് വിദ്യാർഥിയെന്നും ബാലസംഘം പ്രവർത്തകനാണെന്നും ഫോൺ ആവശ്യമുള്ള വിദ്യാർഥികളുണ്ടെങ്കിൽ അതിന് സി.പി.എം. പരിഹാരമുണ്ടാക്കുമെന്നും എം. ഹംസ പറഞ്ഞു. നിലവിൽ ഫോൺ ആവശ്യമുള്ള സംഭവമില്ലെന്നും ആവശ്യമെങ്കിൽ വേണ്ടത് ചെയ്യുമെന്നും കെ. പ്രേംകുമാർ പറഞ്ഞു.

spot_img

Related Articles

Latest news