കേന്ദ്രസർക്കാരിൻ്റെ ഫോൺ ചോർത്തൽ നടപടി അതീവ ഗൗരവതരം – ഡിവൈഎഫ്ഐ

സുപ്രീം കോടതി ജഡ്ജിമാരുൾപ്പെടെ ഉള്ളവരുടെ ഫോൺ വിവരം കേന്ദ്രസർക്കാർ ചോർത്തിയത് അതീവ ഗൗരവകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

രാഷ്ട്രീയ എതിരാളികൾ, ആക്ടിവിസ്റ്റുകൾ, സുപ്രീം കോടതി ജഡ്ജി, നാൽപ്പതിലേറെ മാധ്യമപ്രവർത്തകർ, സുരക്ഷാ മേധാവികളും മുൻ മേധാവികളും, വ്യവസായികൾ, ശാസ്ത്രജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ, സർക്കാർ ഉദ്യോ​ഗസ്ഥർ തുടങ്ങിയവരുടെ ഫോൺ വിവരമാണ് ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോ​ഗിച്ച് ചോർത്തിയത്. ഗുരുതരമായ നിയമലംഘനമാണ് നടന്നിരിക്കുന്നത്.

സർക്കാർ ഏജൻസികൾക്കു മാത്രമാണ് പെ​ഗാസസ് സേവനം നൽകുന്നത്‌. അതുകൊണ്ട് തന്നെ കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രസർക്കാർ അറിയാതെ ചോര്‍ത്തുക എളുപ്പമല്ല. മോഡിക്കും അമിത്‌ ഷാക്കും താൽപ്പര്യമില്ലാത്തവരാണ്‌ ചോർത്തലിന്‌ വിധേയരായതെന്നത് ഞെട്ടിക്കുന്നതാണ്. ഇത് പൗരാവകാശ ലംഘനമാണ്. ഇതിന് കേന്ദ്രസർക്കാർ മറുപടി പറഞ്ഞേ മതിയാകൂ.

കേന്ദ്ര സർക്കാരിൻ്റെ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടത്. ജനാധിപത്യം എന്ന വാക്കുതന്നെ അപ്രസക്തമാക്കുന്ന രീതിയിലാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്.

രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും സ്വകാര്യതയും മോദി സർക്കാർ പന്താടുകയാണ്. കേന്ദ്ര സർക്കാരിൻ്റെ ഫോൺ ചോർത്തൽ നടപടി ഇന്ത്യൻ ജനാധിപത്യത്തിന് അത്യന്തം ആപത്കരമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

spot_img

Related Articles

Latest news