തിരുവനന്തപുരം: സിഎംആർഎല്‍ എക്സാലോജിക്ക് മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്കി.റിയാസിനെതിരെയും വീണക്കെതിരെയും കേസെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ പൊലീസിന് കൈമാറി. ഇഡിയുടെ കത്ത് ലഭിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍ സ്ഥിരീകരിച്ചു. കേസെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകും.നല്‍കാത്ത സേവനത്തിന്റെ പേരില്‍ സിഎംആർഎല്‍ എക്സാലോജിക് കമ്പനിക്ക് നല്കിയ 1.72 കോടി രൂപ പിണറായി വിജയനുമായുള്ള ബന്ധം മുൻനിർത്തി നല്കിയ മാസപ്പടിയാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.സിഎംആർഎല്‍ പ്രൊമോട്ടർ ശശിധരൻ കർത്ത അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴികളും, വീണ വിജയന്റെ ഫോണ്‍, ഡയറി എന്നിവയില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ടി. വീണയില്‍ മാത്രം ഒതുങ്ങിയിരുന്ന മാസപ്പടി കേസ് വലിയ രാഷ്ട്രീയ വഴിത്തിരിവിലേക്കാണ് എത്തിനില്‍ക്കുന്നത്.

