പിണറായി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ എത്തുന്നവര്‍ക്ക് ചില കുളിര്‍മ്മയാര്‍ന്ന കാഴ്ച്ചകള്‍ കാണുവാനാകും. തരിശായി കിടന്നിരുന്ന പഴയ ആശുപത്രി വളപ്പില്‍ ഇപ്പോള്‍ നമ്മെ വരവേല്‍ക്കുന്നത് പുഷ്ടിയോടെ വളരുന്ന പച്ചക്കറികളും ഔഷധ സസ്യങ്ങളും ഒക്കെയാണ്. ലോകം മുഴുവന്‍ ആശങ്കയോടെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നില്ക്കുമ്പോള് ഇവിടെ ആരോഗ്യ സേവനത്തിനൊപ്പം ഇടവേളകളില്‍ വ്യത്യസ്തങ്ങളായ കൃഷിയില്‍ വിജയ ഗാഥ രചിക്കുകയാണ് ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തി ഡിസ്പെൻസറിയുടെ മട്ടുപ്പാവിൽ രണ്ടാം തവണയും വിളയിച്ചെടുത്തിരിക്കുന്നത് നൂറുമേനി പച്ചക്കറികൾ. തക്കാളി, പച്ചമുളക്, പാവക്ക, വഴുതന, കോളിഫ്ലവർ, പയർ, ചീര, ഫാഷൻഫ്രൂട്ട് തുടങ്ങിയവ മട്ടുപ്പാവിലും കോമ്പൌണ്ടിനുള്ളിലെ ലഭ്യമായ സ്ഥലങ്ങളിലുമെല്ലാം ജൈവ വളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്തിട്ടുണ്ട്. പിണറായി കൃഷി വകുപ്പിൻ്റെ സഹകരണത്തോടു കൂടി 2019 വർഷത്തിൽ നടപ്പിലാക്കിയ പദ്ധതി ഈ വർഷം വളവും വിത്തും ജീവനക്കാരുടെ കൈയിൽ നിന്ന് തുക എടുത്താണ് നടപ്പിലാക്കിയത്. ഡിസ്പെൻസറിയിലെ അറ്റൻഡറായ പ്രഭാകരൻ കക്കോത്ത്, മെഡിക്കൽ ഓഫീസർ ഡോ ഡിജോ ജോസ് എന്നിവരുടെ നേതൃത്വത്തിൽ കൃഷി ഇറക്കുകയായിരുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ മുഴുവൻ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും പ്രദേശത്തെ ബിപിഎൽ കുടുംബങ്ങളിൽപെട്ടവർക്കും അങ്കണവാടികൾക്കുമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷവും മട്ടുപ്പാവ് കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചിരുന്നു. മട്ടുപ്പാവ് പച്ചക്കറി കൃഷി വിളവെടുപ്പ് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ഉദ്ഘാടനം ചെയ്തു. പിണറായി പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രാജീവൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, കൃഷി ആത്മ ജില്ല പ്രൊജക്റ് ജോയിൻ്റ് ഡയറക്ടർ കെ സാവിത്രി പദ്ധതി വിശദീകരിച്ചു. ഐ എസ് എം ജില്ലാ മേധാവി എസ് സുധ, കൃഷി ഓഫീസർ ഷെറിൻ, മുൻ കൃഷി ഓഫീസർ എം കെ ലീന, കെ ഹംസ, പി വി വേണുഗോപാൽ എന്നിവർ സംസാരിച്ചു
പച്ചക്കറികൾക്ക് പുറമേ എഴുന്നൂറിലധികം വിവിധ ഔഷധസസ്യങ്ങളും ആശുപത്രിയിൽ ഉണ്ട്. തേനീച്ച കൃഷിയും ജീവനക്കാർ പരീക്ഷിച്ചു വിജയം കണ്ടു. ഇത് വിളവെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. ഗപ്പി മീൻ വളർത്തലും പരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ഒരു ആയുർവേദ ആശുപത്രിയിൽ വ്യത്യസ്ത കൃഷികൾ ചെയ്ത് വിജയം കണ്ടത് ഇത് ആദ്യം ആയിരിക്കാം. ഇവയ്ക്കെല്ലാം പ്രോത്സാഹനം എന്ന നിലയിൽ നിരവധി പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. ഈ വർഷത്തെ കൃഷി വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. കക്കോത്ത് പ്രഭാകരൻ മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ കറിവേപ്പില പാടം പദ്ധതി, ദേവ ഹരിതം പദ്ധതി, ഹരിതഗ്രാമം ഔഷധ കൃഷി പദ്ധതി തുടങ്ങിയവ ജില്ലയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. സംസ്ഥാന ജില്ലാ അവാർഡും ഹരിത കേരളാ മിഷൻ്റെ ജില്ലാ അ പ്രഭാകരനെ തേടിയെത്തി. ജീവനക്കാരിയായ കാരായി ലീലയും പി പ്രമോദനും കൃഷി പരിപാലനത്തിൽ സജീവമാണ്. ഇനിയും നിരവധി കൃഷികൾ ഇറക്കുമെന്ന് അധികൃതർ പിണറായി ന്യൂസിനോട് പറഞ്ഞു. കഷ്ടപാടിനും രോഗങ്ങള്‍ക്കും ഇടയിലും പിണറായി ആയുർവേദ ഡിസ്പെൻസറിയിൽ എത്തുന്ന ജനങ്ങള്‍ക്കും ഈ കൃഷി കാഴ്ച്ച കണ്ണിനു കുളിര്‍മ്മയും,കൃഷി ചെയ്യുവാനുള്ള പ്രചോദനവും തന്നെയാണ്നല്കുന്നത്
മീഡിയ വിങ്സ്