സംഘ പരിവാറിനോട് യോജിക്കാനാവില്ല
തിരുവനന്തപുരം: ലക്ഷദ്വീപ് പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരേ സംഘ പരിവാര് സംഘടനകള്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
എല്ലാത്തിനോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത്. പൃഥ്വിരാജിനോടും അതേ നിലപാട് തന്നെയാണ് അവര്‍ സ്വീകരിച്ചത്. അതിനോട് സമൂഹത്തിന് യോജിപ്പില്ലെന്നും ഇത്തരം വിഷയങ്ങളില്‍ പൃഥ്വിരാജിനെപ്പോലെ എല്ലാവരും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.