തിരുവനന്തപുരം: ജീവിതത്തില്‍ ഇതുവരെയും എന്തെങ്കിലും തെറ്റ് ചെയ്തതായി ബോദ്ധ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നടൻ മോഹൻലാലുമായുള്ള അഭിമുഖമായ കണ്ടും മിണ്ടിയും എന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോപണങ്ങള്‍ ബാധിച്ചിട്ടില്ലെന്നും ഭയം പാർട്ടിയോട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട ലോക്കപ്പ് മർദ്ദനങളെക്കുറിച്ചും മുഖ്യമന്ത്രി ഓർത്തെടുത്തു. ലോക്കപ്പില്‍ താൻ ഏറ്റിട്ടുള്ള മർദ്ദനങ്ങളുടെ ഫലമാണ് ഇന്ന് ലോക്കപ്പ് മരണങ്ങള്‍ ഇല്ലാതാക്കിയ ആഭ്യന്തര വകുപ്പിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ മരണം ഉണ്ടാക്കിയ വേദനയെക്കുറിച്ചും ജീവിതത്തില്‍ പശ്ചാത്തപിക്കേണ്ടി വന്ന സന്ദർഭത്തെക്കുറിച്ചുമെല്ലാം പിണറായി വിജയൻ അഭിമുഖത്തില്‍ സംസാരിച്ചു.
വ്യക്തിജീവിതവും ഇഷ്ടാനിഷ്ടങ്ങളും അഭിമുഖത്തില്‍ മുഖ്യമന്ത്രി തുറന്നുപറഞ്ഞു. ഇഷ്ട സിനിമയിലൊന്ന് എം.ടിയുടെ രചനയില്‍ പിറന്ന മോഹൻലാല്‍ അഭിനയിച്ച അമൃതം ഗമയ ആണെന്നും പിണറായി വെളിപ്പെടുത്തി. ആക്ഷൻ സിനിമകളാണ് ഇഷ്ടമെന്നും രജനികാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള പി.ആർ നാടകമാണ് അഭിമുഖമെന്ന പ്രതിപക്ഷ ആക്ഷേപങ്ങള്‍ക്കിടെയാണ് ഒരു മണിക്കൂർ നീണ്ട അഭിമുഖം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ പാട്ടില്‍ തുടങ്ങി പിണറായിയുടെ ഉപനിഷദ് വാക്യത്തിലാണ് അഭിമുഖം അവസാനിച്ചത്.

