തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിപക്ഷ സമരങ്ങളുടെ നേതൃത്വത്തിലേക്ക് പിണറായി വിജയന് എത്തുന്നു. കോവിഡ് വാക്സിന് ലഭ്യമാക്കുന്ന ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കുമേല്‍ കെട്ടിവെച്ച കേന്ദ്ര തീരുമാനത്തിനെതിരായി പശ്ചിചിമബംഗാള് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളുമായി യോജിച്ച നടപടികള്‍ക്ക് തുടക്കം കുറിച്ച് കത്തയച്ചത് പുതിയ രാഷ്ട്രീയ തുടക്കമാണ്.
ഭരണത്തുടര്‍ച്ചയുടെ രണ്ടാം വരവില്‍ ഫെഡറല്‍ അവകാശവും സംസ്ഥാനത്തിന്റെ പൊതു ആവശ്യവും മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയ എതിരാളികളോട് കൈകോര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകുന്നത്. 11 സംസ്ഥാനങ്ങളില്‍ തമിഴ്നാടില്‍ മാത്രമാണ് സഖ്യകക്ഷി ഭരിക്കുന്നത്. മൂന്നില്‍ കോണ്‍ഗ്രസും ബാക്കി മറ്റ് കക്ഷികളുമാണ്. എല്ലാ തരത്തിലുള്ള രാഷ്ട്രീയ സമരങ്ങളിലും സി.പി.എം തൃണമൂല്‍ കോണ്‍ഗ്രസിനെ (ടി.എം.സി) അകറ്റിനിര്‍ത്തുകയാണ് പതിവ്. എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പശ്ചിമബംഗാള്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ടി.എം.സി എം.പി ഡോ. കഗോലി ഘോഷ് ദസ്തിദര്‍ എത്തിയിരുന്നു.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കേന്ദ്ര ബി.ജെ.പി സര്‍ക്കാറിനെതിരെ വിവിധ വിഷയങ്ങളില്‍ മൃദുസ്വരമാണ് പിണറായി വിജയനെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. എന്നാല്‍, രണ്ടാം വരവില്‍ ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചതിന് പിന്നാലെയാണ് വാക്സിന് വിഷയത്തില്‍ പ്രതിപക്ഷ സഹകരണത്തിനായി പിണറായി മുന്നിട്ടിറങ്ങുന്നത്.
കോവിഡ് മഹാമാരിയില്‍ നടുവൊടിഞ്ഞ സംസ്ഥാനങ്ങളുടെ സമ്പദ്വ്യവസ്ഥക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ് കേന്ദ്ര തീരുമാനം. ഈ ഘട്ടത്തിലാണ് സംസ്ഥാനങ്ങളുമായി സഹകരണാത്മക ഫെഡറലിസം എന്ന ആവശ്യമുയര്‍ത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് പിണറായി എത്തുന്നത്.