പാലക്കാട്, കോട്ടയം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ നടത്തപ്പെടുന്ന ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല ഉയരുന്നു. ഈ വരുന്ന സെപ്റ്റംബർ 30 വ്യാഴം ഒക്ടോബർ 1 വെള്ളി ദിവസങ്ങളിൽ ആയി കിഴക്കൻ പ്രവിശ്യയിലെ പ്രശസ്തമായ ഗൂക്ക ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ ആണ് ഈ ക്രിക്കറ്റ് മാമാങ്കം അരങ്ങേറുന്നത് എന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു .
മൂന്ന് ജില്ലകളിൽ നിന്നുമായിട്ടുള്ള ആറു ഫ്രാഞ്ചൈസികളുടെ കീഴിൽ ആണ് ടീമുകൾ ഇറങ്ങുന്നത്. സൗദി അറേബ്യയിൽ തന്നെ ആദ്യമായിട്ടാണ് മൂന്ന് ജില്ലകളിൽ നിന്നുള്ള കൂട്ടായ്മ ഒന്നിച്ചു ഒരു മത്സരം ഇത്ര ഗംഭീരമായി നടത്തുന്നത്. മൂന്ന് ജില്ലകളിൽ നിന്നുള്ള 115 കളിക്കാരിൽ നിന്നും വാശി ഏറിയ താരലേലം വഴി ആണ് ഓരോ ഫ്രാഞ്ചെസികളും കളിക്കാരെ തിരഞ്ഞെടുത്തത് .
പത്തനംതിട്ട കോട്ടയം പാലക്കാട് ജില്ലകളെ പ്രതിനിധീകരിച്ചു യഥാക്രമം പമ്പ ടസ്‌കേഴ്‌സ്, ആനപ്പാറ നൈറ്റ് റൈഡേഴ്‌സ്, ഈരാറ്റുപേട്ട റൈഡേഴ്‌സ്, കാഞ്ഞിരപ്പള്ളി റോക്കേഴ്സ്, ചെമ്പൈ സൂപ്പർകിങ്‌സ്, നെന്മാറ റെഡ് ആരോസ് തുടങ്ങിയ ടീമുകൾ ആണ് മാറ്റുരക്കുന്നത്. സെപ്റ്റംബർ 30 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ഉദ്ഘാടന ചടങ്ങ് നടക്കും. അതിനോട് അനുബന്ധിച്ചു ടീമുകളുടെ ഫ്ലാഗ് മാർച്ചും തുടർന്ന് കലാ പരിപാടികളും അരങ്ങേറും.
ഉദ്ഘാടന ചടങ്ങിൽ പ്രധാന സ്‌പോൺസർ ആയ യനാമ ട്രേഡിങ്ങ് എസ്റ്റാബ്ലിഷ്‌മെന്റ് ചെയർമാൻ അമീറുദീൻ സുൽത്താൻ മത്സരം ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ സഹ സ്പോൺസർമായ എ എം സി ഗ്രൂപ്പ് ചെയർമാൻ എം കെ അബ്ദുൽ ബാരിയും ആസെന്റ് ചെയർമാൻ നായിഫ് അൽ ഗാംദി യും പ്രവിശ്യയിലെ പ്രധാന വ്യക്തിിത്വങ്ങളും പങ്കെടുക്കും.
കിഴക്കൻ പ്രവിശ്യയിലെ പ്രഗത്ഭരായ അമ്പയർമാർ മത്സങ്ങൾ നിയന്ത്രിക്കും. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഫൈനലും ശേഷം സമാപന ചടങ്ങും വിജയികൾക്കും റണ്ണേഴ്‌സ് അപ്പ് നും ഉള്ള ട്രോഫിയും ക്യാഷ് അവാർഡും മറ്റു സമ്മാന വിതരണവും നടക്കും.
സമാപന ചടങ്ങിൽ പ്രവിശ്യയിലെ കായിക രംഗത്തു സമഗ്ര സംഭാവന നൽകിയവരെ ആദരിക്കൽ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. ചെയർമാൻ കെ എം സലീം പത്തനംതിട്ട, പ്രസിഡന്റ് റഫീഖ് യൂസുഫ്, സെക്രട്ടറി ഷിനു ചാക്കോ കാഞ്ഞിരപ്പള്ളി , വൈസ് പ്രസി. സനീഷ് കുമാർ പത്തനംതിട്ട, ജോയിന്റ് സെക്ര. ജോബിൻ ഒറ്റപ്പാലം, ട്രെഷറർ അബു താഹിർ ഈരാറ്റുപേട്ട എന്നിവർ പത്ര സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഗാലിബ് സലീം, നിസാർ പാലക്കാട്, അർഷാദ് മുഹമ്മദ്, അനന്തരാജ് , ഷഫീക് മമ്പാട് എന്നിവരും സന്നിഹിതർ ആയിരുന്നു.