തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തില്‍ 77.81 ആണ് വിജയശതമാനം.കഴിഞ്ഞവർഷത്തെക്കാള്‍ കുറവാണിത്. കഴിഞ്ഞവർഷം ഇത് 78.69 ശതമാനമായിരുന്നു. ഇത്തവണ 288394 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 30145 വിദ്യാർത്ഥികള്‍ ഫുള്‍ എപ്ലസ് നേടി. സയൻസ് ഗ്രൂപ്പില്‍ 83.25 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസില്‍ 69.16, കൊമേഴ്സില്‍ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സർക്കാർ സ്കൂളുകളില്‍ 73.23 ശതമാനം പേർ വിജയിച്ചു. എയ്ഡഡ് സ്കൂളുകളില്‍ 82.16, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. വിജയശതമാനം ഏറ്റവും കുറവ് കാസർകോട് ജില്ലയിലാണ്.
വൊക്കേഷണല്‍ ഹയർ സെക്കൻഡറിയില്‍ ഇത്തവണ 70.06 ആണ് വിജയശതമാനം. ഇതും കഴിഞ്ഞവർഷത്തെക്കാള്‍ കുറവാണ്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS- Kerala, PRD Live മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും.
ഇക്കഴിഞ്ഞ മാർച്ചില്‍ നടന്ന പ്ലസ് ടു പരീക്ഷയ്ക്ക് 4,44,707 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. വി.എച്ച്.എസ്.ഇയില്‍ 26,178 പേരാണ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തവണത്തെ സേ പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ നടത്തും.