ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും
കൊച്ചി: ഔദ്യോഗിക പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ 6,000 കോടി രൂപയുടെ പ്രൊപിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോ കെമിക്കല്‍സ് പദ്ധതി രാജ്യത്തിനായി സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി തുറമുഖത്തിന്റെ സൗത്ത് കല്‍ക്കരി ബെര്‍ത്തിന്റെ പുനര്‍നിര്‍മാണത്തിനും തറക്കല്ലിടും. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുക്കുന്ന അദ്ദേഹം ഇന്ന് തന്നെ ഡല്‍ഹിക്ക് മടങ്ങും.
6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയില്‍ നടപ്പാക്കുന്ന പ്രൊപ്പലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രോജക്ടിന്റെ ഉദ്ഘാടനമാണ് പ്രധാന പരിപാടി. 2019 ജനുവരിയില്‍ പ്രധാനമന്ത്രി തന്നെയാണ് പദ്ധതിക്ക് തറക്കില്ലിട്ടത്. എറണാകുളം വാര്‍ഫില്‍ 25.72 കോടി ചെലവില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് നിര്‍മിച്ച അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍, ഷിപ്പിയാര്‍ഡ് പരിശീലന കേന്ദ്രമായ വിജ്ഞാന്‍ സാഗര്‍ കാമ്ബസിലെ പുതിയ മന്ദിരം എന്നിവയുടെ ഉദ്ഘാടനവും നടത്തും.
അതേസമയം ബിപിസിഎല്‍ പരിപാടിയില്‍ സ്ഥലം എംപി ഹൈബി ഈഡന് ഇരിപ്പിടമില്ല. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി തനിക്ക് പകരം കേന്ദ്രമന്ത്രി വി മുരളീധരന് ഇരിപ്പിടം നല്‍കിയെന്ന് ആരോപിച്ച് ഹൈബി ഈഡന്‍ ലോക്സഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടിസ് നല്‍കി. പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കൊപ്പം വി മുരളീധന് മാത്രമാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, റിഫൈനറി പരിസരത്ത് ഒരുക്കുന്ന ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ള അമ്പലമുകള്‍ വി എച്ച് എസ് ഇ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകും. വൈകിട്ട് നാലര വരെയാണ് വിവിധ ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. നാലര മുതല്‍ അഞ്ചു മണി വരെ ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
2019 ജൂണിലാണ് ഇതിനു മുന്‍പ് പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചത്. ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് എത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും അസൗകര്യം മൂലം വന്നിരുന്നില്ല. തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി മന്‍സുഖ് എല്‍ മണ്ഡാവിയ, പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പം ഞായറാഴ്ച കേരളത്തിലെത്തും.