തിരുവനന്തപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി.വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ (സി.പി.ഒ) ബിനുവിനെ (46) ആക്രമിച്ച കേസിലാണ് പൂന്തുറ ആലുകാട് മദർ തെരേസ കോളനി സ്വദേശി ജോസ് (30) അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ തിരുവല്ലം ഇടയാർ ഫാത്തിമ മാതാ പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ ബിനുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രതിയായ ജോസ് മുമ്പ് 2024 ഓഗസ്റ്റ് 11-ന് ഇതേ പള്ളി വളപ്പിലെ കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ ബിനുവാണ് ഇയാളെ തടയുകയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച ജോസ് വീണ്ടും പള്ളി വളപ്പിലെത്തിയപ്പോള്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനു ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ പ്രകോപിതനായും മുൻവൈരാഗ്യം കാരണവും ജോസ് സമീപത്തുണ്ടായിരുന്ന ഇഷ്ടികയെടുത്ത് ബിനുവിന്റെ തലയില്‍ അടിക്കുകയായിരുന്നുവെന്ന് പൂന്തുറ എസ്.ഐ. വി. സുനില്‍ അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിന് പുറമെ, പ്രതിക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ ജോസിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു