മലപ്പുറം: കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി സ്ത്യുതര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പോലിസ് സേനക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ ചില പോലിസ് ഉദ്യോഗസ്ഥര്‍ അതിക്രമകാരികളായി മാറുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും പോലിസിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. അടുപ്പിച്ച് നടന്ന രണ്ട് സംഭവങ്ങളിലാണ് ജില്ലാ കലക്ടര്‍ പോലിസ് മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടത്.
ദിവസങ്ങള്‍ക്കു മുന്‍പ് ആശുപത്രിയില്‍ നിന്നും മടങ്ങുകയായിരുന്ന കൊവിഡ് രോഗിയെ മഞ്ചേരി പോലിസ് തടഞ്ഞു നിര്‍ത്തി വാഹനം പിടിച്ചെടുത്തിരുന്നു. അവശനായ ഇയാളെ പിന്നീട് മറ്റുള്ളവരാണ് വീട്ടിലെത്തിച്ചത്. അതിന്റെ അടുത്ത മഞ്ചേരി പോലിസ് ഔദ്യോഗിക യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരനെയും തടഞ്ഞ് ബൈക്ക് പിടിച്ചെടുത്തു. കലക്‌ട്രേറ്റില്‍ യോഗം കഴിഞ്ഞ മടങ്ങുകയാണ് എന്ന് തെളിയിക്കുന്ന രേഖകളും കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ ആണെന്നതിന്റെ ഐഡി കാര്‍ഡും കാണിച്ചിട്ടും വകവെക്കാതെയാണ് പോലിസ് അതിക്രമം നടത്തിയത്.
ഈ രണ്ടു സംഭവങ്ങളിലും ജില്ലാ കലക്ടര്‍ക്കും പോലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. വാണിയമ്പലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് യുവാവിനെ ക്രൂരമായ രീതിയില്‍ ജീപ്പിലേക്ക് തള്ളിയിട്ട് കസ്റ്റഡിയിലെടുത്ത സംഭവം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. അഞ്ചോളം പോലിസുകാര്‍ വളരെ ക്രൂരമായിട്ടാണ് ഇയാളെ കൈകാര്യം ചെയ്തത്. ഈ സംഭവത്തില്‍ ജില്ലാ കലക്ടര്‍ പോലിസ് മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
പരപ്പനങ്ങാടിയില്‍ താലൂക്ക് ഓഫിസ് ജീവനക്കാരിയായ ഭാര്യയെ ഓഫിസിലേക്ക് എത്തിക്കാനിറങ്ങിയ ഭര്‍ത്താവിനെ പരപ്പനങ്ങാടി സിഐ മര്‍ദ്ദിച്ചത് കഴിഞ്ഞ ദിവസമാണ്. ജീവനക്കാരിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ഫോണും പിടിച്ചെടുത്തിരുന്നു. മുന്‍പും അതിക്രമങ്ങളുടെ പേരില്‍ പല പ്രാവശ്യം നടപടികള്‍ക്കു വിധേയനായ പോലിസ് ഉദ്യോഗസ്ഥനെതിരില്‍ ഇടതുപക്ഷ അനുകൂല സംഘടന രംഗത്തുവന്നിട്ടുണ്ട്. ഈ സംഭവത്തിലും ജില്ലാ കലക്ടര്‍ പോലിസ് മേധാവിയോടെ റിപോര്‍ട്ട് ആവശ്യപ്പെട്ടു.
ഏറ്റവും ഒടുവിലായി ഇന്ന് കൊണ്ടോട്ടി എസ് ഐ ചുമട്ടു തൊഴിലാളികളെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പോലിസ് സ്‌റ്റേഷനില്‍ നിന്നും മര്‍ദ്ദനമേറ്റവരുടെ നിലവിളി ഉയരുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ കൊണ്ടോട്ടി എസ്‌ഐയോട് ജില്ലാ പോലിസ് മേധാവി ഉടന്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ക്കകം തന്നെ കൊണ്ടോട്ടി എസ്‌ഐയെ സ്ഥലം മാറ്റിയാണ് നടപടിയെടുത്തത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രശംസനീയമായ രീതിയിലാണ് മലപ്പുറം ജില്ലയില്‍ പോലിസ് പ്രവര്‍ത്തിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പോലിസിന്റെ ജോലി ഭാരം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടയിലും പരാതികള്‍ക്ക് ഇടം നല്‍കാതെ പ്രവര്‍ത്തിക്കുന്ന പോലിസ് സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികളാണ് ചില പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടാകുന്നത്.