പാരിപ്പള്ളി: റോഡരികിലെ പുരയിടത്തില്‍ വച്ച് കച്ചവടം ചെയ്ത വൃദ്ധയുടെ മീന്‍ പാരിപ്പള്ളി പോലിസ് നശിപ്പിച്ചതായി പരാതി. പാരിപ്പള്ളി – പരവൂര്‍ റോഡില്‍ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ വൃദ്ധയുടെ മത്സ്യമാണ് പോലിസ് നശിപ്പിച്ചത്.
ഇവര്‍ ഇവിടെ നേരത്തെയും കച്ചവടം നടത്തിയിരുന്നു. ഇതിന് മുമ്പ് രണ്ടു തവണ പോലിസ് എത്തി കച്ചവടം നടത്തരുതെന്ന് വിലക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നും കച്ചവടം നടത്തി വരികയായിരുന്നു.
ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലിസ് എത്തി മത്സ്യം വലിച്ചെറിഞ്ഞത്. മുതലപ്പൊഴിയില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങി ഇവിടെ കൊണ്ടു വന്ന് വില്‍ക്കുന്നത്. 16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വില്‍പ്പന നടത്തിയുള്ളു എന്നും വൃദ്ധ പറയുന്നു.
വില്‍പനക്കായി പലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി എടുത്തെറിഞ്ഞ പോലിസ് വലിയ ചരുവത്തില്‍ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ ദുരിതത്തിലായിരിക്കുമ്പോഴും പോലിസ് അതിക്രമം വര്‍ധിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.