കൊച്ചി കടവന്ത്രയില്‍ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.കൊച്ചി ട്രാഫിക്കിലെ എഎസ്‌ഐ രമേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇരുവരും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
കടവന്ത്രയില്‍ അനാശാസ്യകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ലോഡ്ജ് നടത്തിപ്പില്‍ ഇരുവര്‍ക്കും പങ്കാളിത്തമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരില്‍ നിന്ന് എഎസ്‌ഐ രമേഷിന് ഒമ്പത് ലക്ഷത്തോളം രൂപ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ രേഖകള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഒക്ടോബറില്‍ കടവന്ത്രയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് ഏജന്റുമാരായ സ്ത്രീയും പുരുഷനും പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് ലോഡ്ജ് നടത്തി വരുമാനമുണ്ടാക്കിയിരുന്നത് പൊലീസുകാരാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പൊലീസുകാരായ രമേശിനും ബ്രിജേഷ് ലാലിനും പങ്കുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചത്. പിന്നാലെ രണ്ട് പേരെയും കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ വൈകിട്ടാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.